കൊല്ലം: കല്ലുവാതുക്കലില്‍ പ്രസവിച്ചയുടന്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ രേഷ്മയുടെ പ്രവര്‍ത്തിയില്‍ വീണ്ടും ദുരൂഹതകള്‍. യഥാര്‍ത്ഥത്തില്‍ അനന്ദു എന്ന യുവാവുമായി രേഷ്മ ചാറ്റ് ചെയ്തിരുന്നതായി പോലീസിന്റെ കണ്ടെത്തല്‍. ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബന്ധുക്കളായ യുവതികളാണു വ്യാജ പേരില്‍ രേഷ്മയുമായി ചാറ്റു ചെയ്തിരുന്നതെന്നു പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഈ യുവാവു കൂടി ചിത്രത്തിലേക്കു വന്നതോടെ സംഭവത്തില്‍ ദുരൂഹതയുമേറി.

കഴിഞ്ഞ നാല് മാസമായി നിരവധി പേരുമായി യുവതി ഫേസ്‌ബുക്ക് വഴി ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇതില്‍ ഒരു യുവാവ് ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ് എന്നാണ് വ്യക്തമായിരിക്കുന്നത്. ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗവുമായി രേഷ്മ ചാറ്റ് ചെയ്തിരുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. രേഷ്മ അറസ്റ്റിലാകുന്നതിനു തൊട്ടുമുന്‍പാണ് അനന്തു പ്രസാദ് അറസ്റ്റിലായത്.

ആര്യയും ഗ്രീഷ്മയും ആണ്‍സുഹൃത്തെന്ന വ്യാജേന കബളിപ്പിച്ചത് അറിഞ്ഞില്ലെന്നാണ് രേഷ്മ നേരത്തെ വ്യക്തമാക്കിയത്. ഗ്രീഷ്മയുടെ ഒരു സുഹൃത്തിന്റെ വിവരം ബന്ധുക്കളെ അറിയിച്ചതിന് തന്നോട് പകയുണ്ടെന്നും, അനന്തു എന്ന പേരിലുള്ള സുഹൃത്തിനെ കാണാന്‍ വര്‍ക്കലയില്‍ പോയെങ്കിലും കാണാനായില്ലെന്നും രേഷ്മ പൊലീസിന് മൊഴി നല്‍കി. ഈ സുഹൃത്താണോ ബിലാല്‍ എന്ന സംശയവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം അട്ടക്കുളങ്ങര വനിതാ ജയില്‍ എത്തി ചോദ്യം ചെയ്തപ്പോള്‍ യുവാവിന്റെ ഫോട്ടോ രേഷ്മയെ കാണിച്ചിരുന്നു.

ഇതു ബിലാല്‍ എന്ന പേരുള്ള ഫേസ്‌ബുക് സുഹൃത്താണെന്നു രേഷ്മ മൊഴി നല്‍കി. എന്നാല്‍ ഇയാളുടെ യഥാര്‍ഥ പേര് അനന്തു പ്രസാദ് എന്നാണെന്നും ഇയാള്‍ വര്‍ക്കല സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു.ബന്ധുക്കളായ ആര്യ, ഗ്രീഷ്മ എന്നിവര്‍ ഫേസ്‌ബുക് മെസഞ്ചറിലൂടെ ആള്‍മാറാട്ടം നടത്തിയ അനന്തു എന്ന സാങ്കല്‍പിക കാമുകനുമായി അടുപ്പം പുലര്‍ത്തുമ്ബോള്‍ തന്നെ അനന്തു പ്രസാദുമായും രേഷ്മ ചാറ്റ് ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇയാളുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നു രേഷ്മ മൊഴി നല്‍കിയിട്ടുണ്ട്.