ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ മറിയം റഷീദയെ അറസ്റ്റു ചെയ്തത് ഇന്റലിജന്‍സ് ബ്യൂറോയുടെ കടുത്ത സമ്മര്‍ദ്ദം മൂലമായിരുന്നുവെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ്. അന്ന് ഐബിയിലായിരുന്ന ആര്‍.ബി. ശ്രീകുമാറാണ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നതെന്നും സിബി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. ഇതോടെ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും അന്നത്തെ ഐബിക്കും ഐപിഎസ് ഉദ്യോഗസ്ഥനായ ആര്‍.ബി. ശ്രീകുമാറിനും ചാരക്കേസിലുള്ള പങ്കാണ് പുറത്താകുന്നത്.
നമ്ബി നാരായണനെയും രമണ്‍ ശ്രീവാസ്തവയേയും അറസ്റ്റു ചെയ്യാനും ഐബി നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ചില ഐബി ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചാരക്കേസില്‍ അന്വേഷണം തുടങ്ങിയത്. ചാരക്കേസ് യഥാര്‍ഥമാണ്, മറിയം റഷീദയും ഫൗസിയ ഹസനും നടത്തിയ ചെയ്തികള്‍ക്ക് ശാസ്ത്രജ്ഞര്‍ കൂട്ടുനില്‍ക്കുകയായിരുന്നു.
ആര്‍.ബി. ശ്രീകുമാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് മറിയം റഷീദയെ പേട്ട സിഐയായിരുന്ന എസ്. വിജയന്‍ അറസ്റ്റ് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണര്‍ രാജീവന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കേരളാ പോലീസിന് നല്‍കിയിരുന്നത് ഐബിയുടേയും റോയുടേയും ഉദ്യോഗസ്ഥരാണ്. ഓരോ ഘട്ടത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ടും ഐബിക്ക് നല്‍കിയിരുന്നു.
മാലി വനിതകളെ ചോദ്യം ചെയ്യുമ്ബോഴാണ് ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞരുടെ പങ്ക് തെളിഞ്ഞത്. അതിനുള്ള തെളിവുകളും മൊഴികളിലുണ്ട്. ഈ മൊഴികള്‍ വച്ച്‌ നമ്ബി നാരായണനേയും രമണ്‍ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാന്‍ ഐബി സമ്മര്‍ദ്ദം ചെലുത്തി. വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും ഐബി പറഞ്ഞിരുന്നു.
തിരുവനന്തപുരം, ചെന്നൈ, കൊളംബോ കേന്ദ്രീകരിച്ച്‌ ഒരു ചാരവലയം ഉണ്ടായിരുന്നു. ഇക്കാര്യം ഫൗസിയ ഹസന്റെ മൊഴിയിലുണ്ട്. അതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് നമ്ബി നാരായണന് ഇതില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഐഎസ്‌ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് സിബിഐ എടുത്ത ഗൂഢാലോചനക്കേസില്‍ നാലാം പ്രതിയാണ് സിബി മാത്യൂസ്. അദ്ദേഹം തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.