പി.പി. ചെറിയാന്
ഷിക്കാഗോ ∙ മയാമി ബീച്ചിനു സമീപമുള്ള ബഹുനില കെട്ടിടം തകർന്നു വീണു കാണാതായ 99 പേരിൽ ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ലാൻ നെയ്ബ്രഫ (21) എന്ന വിദ്യാർഥിയും കാമുകി ഡബോറ ബർസഡിവിനും ഉൾപ്പെടുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.
ലാനിനെ കണ്ടെത്തുന്നതിന് സഹായം അഭ്യർഥിച്ചു മാതാവാണ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. കാണാതായവരുടെ ലിസ്റ്റ് പരസ്യപ്പെടുത്തിയതിൽ ഇന്ത്യൻ വംശജർ ആരും ഉൾപ്പെട്ടിട്ടില്ല.
വ്യാഴാഴ്ച ഉച്ചക്ക് 1.30നാണ് 12 നിലകളിൽ സ്ഥിതി ചെയ്യുന്ന 136 യൂണിറ്റുകൾ തകർന്നു നിലം പതിച്ചത്. ഫ്ലോറിഡയിൽ ഒഴിവുദിനങ്ങൾ ആഘോഷിക്കാനെത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ താമസിച്ചിരുന്നതാണ് തകർന്നു വീണ കെട്ടിടം. ഇതുവരെ ഒരാളുടെ മൃതദേഹം കണ്ടെടുത്തതായും 35 പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
1981 ൽ പണി കഴിച്ചതാണു തകർന്നു വീണ കെട്ടിടം. ഫ്ലോറിഡാ നിയമമനുസരിച്ചു 40 വർഷം പഴക്കമുള്ള കെട്ടിടങ്ങൾ വിശദമായി പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ്. അതിനുള്ള നടപടികൾ ഇവിടെ നടന്നു വരികയായിരുന്നു. നിരവധി സന്ദർശകർ എത്തുന്ന ഫ്ലോറിഡയിലെ പല കെട്ടിടങ്ങളും ശരിയായ പരിശോധനകൾ നടത്താതെ ലീസിനു നൽകുന്നുണ്ടെന്നു പരാതി ഉയർന്നിരുന്നു.
സൗത്ത് ഫ്ലോറിഡായിൽ ഇതിലും ഉയരം കൂടിയ നിരവധി കെട്ടിടങ്ങൾ ഉണ്ടെന്നും എന്നാൽ ഈ കെട്ടിടത്തിനു ഇങ്ങനെയൊന്നു സംഭവിക്കാൻ കാരണമെന്താണെന്നു വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നു ഫ്ലോറിഡാ ചാപ്റ്റർ അസോസിയേറ്റഡ് ബിൽഡേഴ്സ് ആന്റ് കോൺട്രാക്ടേഴ്സ് സിഇഒ പീറ്റർ ഡൈഗ പറഞ്ഞു.



