പി.പി. ചെറിയാന്‍

അയോവ ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിദേശനയങ്ങളെ പിന്തുണച്ച് മുൻ യുഎൻ അംബാസിഡർ നിക്കി ഹേലി. അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിൽ സന്ദർശനം നടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ അവർ പ്രശംസിച്ചു.. 2024 ലെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായാൽ തന്റെ പിന്തുണ ട്രംപിനായിരിക്കുമെന്നും വ്യാഴാഴ്ച(ജൂൺ 24ന്) വൈകിട്ട് അയോവയിൽ നടത്തിയ പ്രസംഗത്തിൽ നിക്കി ഹേലി ആവർത്തിച്ചു. രാജ്യത്തെ ആദ്യ കോക്കസ് സംസ്ഥാനമായ അയോവയിൽ സംഘടിപ്പിച്ച റിപ്പബ്ലിക്കൻ പാർട്ടിയുടെ ലിങ്കൺ ഡിന്നറിനു മുൻപെയാണ് നിക്കി ഹേലി ഈ പ്രസ്താവന നടത്തിയത്.

ജൂൺ 30ന് ട്രംപ് യുഎസ് മെക്സിക്കോ അതിർത്തി സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണു ബൈഡൻ കുടിയേറ്റ വിഷയത്തിൽ ചുമതലപ്പെടുത്തിയിരുന്ന വൈസ് പ്രസിഡന്റ് കമല ഹാരിസ് അതിർത്തി സന്ദർശനം നടത്താൻ തീരുമാനിച്ചതെന്ന് ഒളിയമ്പെയ്യുന്നതിനും നിക്കി ഹേലി മറന്നില്ല. ഇങ്ങനെ ഒരു സാഹചര്യം ഒരുക്കിയതിന് ട്രംപിനോട് നന്ദിയുണ്ടെന്നും ഹേലി പറഞ്ഞു.

ജനുവരി ആറിനുണ്ടായ സംഭവ വികാസങ്ങളെ തുടർന്ന് ട്രംപിനെ ശക്തിയായി വിമർശിക്കുകയും, ട്രംപിന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചുവെന്നു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത ഹേലി തികച്ചും വ്യത്യസ്തയായിട്ടാണു പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്.

അമേരിക്കാ ഫസ്റ്റ് എന്ന ട്രംപിന്റെ പ്രഖ്യാപിത നയവും, നോർത്ത് കൊറിയൻ ലീഡർ കിം ജോണ ഇന്നിനെ ലിറ്റിൽ റോക്കറ്റ്മാൻ എന്ന് വിളിച്ചതും ജനങ്ങളുടെ കയ്യടിവാങ്ങാൻ ട്രംപിന് കഴിഞ്ഞതായും ഹേലി പറഞ്ഞു. 2024 ലെ പ്രസിഡന്റ് സ്ഥാനാർഥി ഹേലി ആയിരിക്കുമെന്ന പ്രചാരണം ശക്തിപ്പെടുന്നതിനിടയിലാണ് ട്രംപിനെ പിന്തുണച്ചും പ്രശംസിച്ചും നിക്കിയുടെ പ്രസ്താവന.