കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ശ്രമങ്ങളുടെ ഭാഗമായി രാഹുല്‍ ഗാന്ധി ഇന്ന് ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തും. ഇന്നലെ നടക്കേണ്ട ചര്‍ച്ച സൂറത്തിലെ കോടതിയില്‍ രാഹുല്‍ ഗാന്ധിക്ക് ഹാജരാകേണ്ടതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം കേരളത്തില്‍ ഹൈക്കമാന്‍ഡ് നടത്തിയ ഇടപെടലുകളില്‍ ഉള്ള അതൃപ്തി ഉമ്മന്‍ ചാണ്ടി ഇന്ന് രാഹുല്‍ ഗാന്ധിയോട് വ്യക്തമാക്കും.

കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷനേതാവ് നിയമനങ്ങളില്‍ അടക്കമുള്ള അതൃപ്തിയാണ് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിക്കുക. പുനസംഘടന യുമായി ബന്ധപ്പെട്ട് ഗ്രൂപ്പിന്റെ ഭാഗമായവരെ അവഗണിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവും ഉമ്മന്‍ ചാണ്ടി ഉയര്‍ത്തും. നിലവില്‍ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന ഉമ്മന്‍ ചാണ്ടി ആസ്ഥാനം ഉപേക്ഷിക്കാനുള്ള സന്നദ്ധതയും വ്യക്തമാക്കും. രാവിലെ രാഹുല്‍ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച.