തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെക്കുറിച്ചു പരാതിപ്പെട്ട സ്ത്രീയോടു മോശമായി പെരുമാറിയ വനിതാ കമ്മിഷന് അധ്യക്ഷ എം.സി. ജോസഫൈനെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്ബലം പറഞ്ഞു. സ്ത്രീകളോടുള്ള ഭരണകൂടത്തിന്റെ സമീപനമാണ് ജോസഫൈന്റെ പ്രതികരണത്തിലൂടെയാണ് വ്യക്തമാകുന്നത്. ജുഡീഷ്യല്‍ അധികാരമുള്ള കമ്മിഷന്റെ അധ്യക്ഷ പദവിയിലിരിക്കുന്ന വ്യക്തി എന്നതിനേക്കാള്‍ പാര്‍ട്ടി വിധേയ എന്ന നിലയിലാണ് പലപ്പോഴും ജോസഫൈന് സംസാരിക്കുന്നത്.
സമൂഹത്തില്‍ വലിയ പീഢനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നവര്‍ ആശ്രയമായി കാണുന്ന വനിതാ കമ്മിഷന് എന്ന പൊതു സംവിധാനത്തെ തികഞ്ഞ നിരുത്തരവാദിത്വത്തോടെയാണ് ഇവര്‍ കൈകാര്യം ചെയ്തത്. പരാതി ഉന്നയിച്ചവരോട് പോലീസ് സ്റ്റേഷനില്‍ അറിയിക്കാത്തതിന് കുറ്റപ്പെടുത്തുകയും തുടര്‍ന്ന് അതിനെ ന്യായീകരിക്കുകയും ചെയ്ത സമീപം തികച്ചും പ്രതിഷേധാര്‍ഹമാണ്. കൂടുതല്‍ പരാതികള്‍ കേള്‍ക്കുന്നത് മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുവെങ്കില്‍ തല്‍സ്ഥാനത്തുനിന്ന് രാജിവെക്കാനാണ് ജോസഫൈന് ശ്രമിക്കേണ്ടത്.
സ്ത്രീധനവുമായി ബന്ധപ്പെട്ട കഴിഞ്ഞോ ദിവസങ്ങളില്‍ നടന്ന കൊലപാതകവും സമൂഹത്തില്‍ സ്ത്രീ സുരക്ഷയെ സംബന്ധിച്ച കൂടുതല്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നതാണ്. സ്ത്രീധനമെന്ന മഹാവിപത്തിനെതിരെ നടപടി സ്വീകരിക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ തയ്യാറാകാത്തത് ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. സ്ത്രീധന നിരോധന നിയമം ശക്തമായിത്തന്നെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സമൂഹത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ മാത്രമല്ല സ്ത്രീ സുരക്ഷയുടെ കാര്യത്തിലും വീഴ്ചവരുത്തുന്ന വ്യക്തികള്‍ക്കെതിരെയും കടുത്ത നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.



