കണ്ണൂര്‍: കഥാകൃത്ത് ടി.പത്മനാഭനെ കോവിഡ് ബാധിച്ച്‌ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടവും അനുഭവപ്പെട്ട അദ്ദേഹത്തെ ഇന്നലെ വൈകുന്നേരമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി. പത്മനാഭന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ആവശ്യമെങ്കില്‍ പിന്നീട് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റും. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് പത്മനാഭന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ ചര്‍ച്ച നടത്തി. പത്മനാഭന്റെ നില വിലയിരുത്തി ചികിത്സക്കായി ആവശ്യമെങ്കില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് അറിയിച്ചു.

സ്ഥിതി നിലവില്‍ ഗുരുതരമല്ലെന്നും ആശങ്ക വേണ്ടെന്നും പ്രത്യേക കോവിഡ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. കൊവിഡിനൊപ്പം പ്രായാധിക്യത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ട്.