ബഹിരാകാശത്തേയ്ക്ക് യാത്ര പോകുന്ന ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ തിരിച്ചുവരാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള പരാതിയില്‍ ആറായിരത്തോളംപേര്‍ ഒപ്പിട്ടു. അദ്ദേഹം ഭൂമി വിടുകയാണെന്നും എന്നാല്‍ തിരിച്ചുവരാന്‍ അദ്ദേഹത്തെ അനുവദിക്കരുതെന്നുമാണ് ഈ പരാതിയില്‍ പറയുന്നത്. ബെസോസിനൊപ്പം ഇലോണ്‍ മസ്‌ക്കിനെയും കയറ്റിവിടണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു. ബഹിരാകാശ കമ്ബനിയായ ബ്ലൂ ഒറിജിന്റെ പേടകമായ ന്യൂ ഷെപ്പേര്‍ഡില്‍ ടെക്‌സസില്‍ നിന്നാണ് ജെഫ് ബെസോസും സഹോദരന്‍ മാര്‍ക്ക് ബെസോസും ബഹിരാകാശത്തേയ്ക്ക് കുതിക്കുന്നത്. ജൂലായ് 20-നാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്.

ന്യൂ ഷെപ്പേര്‍ഡ് പേടകത്തില്‍ ആറ് യാത്രക്കാരെ വരെ കയറ്റാം. ഏഴ് വര്‍ഷത്തെ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ് പേടകവും റോക്കറ്റും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള യാത്രയ്ക്ക് ഒരുങ്ങുന്നത്. 59 അടി ഉയരത്തിലുള്ള റോക്കറ്റിലാണ് ബഹിരാകാശത്തേയ്ക്ക് പേടകം വിക്ഷേപിക്കുക.

അഞ്ച് വയസ് മുതല്‍ ബഹാരാകാശത്തേയ്ക്കുള്ള യാത്ര എന്നത് തന്റെ സ്വപ്നമായിരുന്നെന്നും അടുത്ത മാസം അത് സാക്ഷാത്ക്കരിക്കാന്‍ പോകുകയാണെന്നും ബെസോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.