കൊച്ചി: ആയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കേസ് നല്‍കിയതിനും പാര്‍ട്ടി നിലപാടുകള്‍ക്കുമെതിരെ ലക്ഷദ്വീപിലെ കൂടുതല്‍ ബി.ജെ.പി നേതാക്കള്‍ രാജിക്കൊരുങ്ങി. ചെത്ത്ലത്ത് ദ്വീപ് പ്രസിഡന്‍റ് ആമിന, എക്സിക്യൂട്ടിവ് അംഗങ്ങളായ അബ്ദുല്‍ ഹമീദ്, നൗഷാദ് പള്ളിച്ചപുര, മുല്ലക്കോയ, ഉമ്മുക്കുല്‍സു തുടങ്ങിയവര്‍ രാജിസന്നദ്ധത അറിയിച്ചു. സംസ്ഥാന പ്രസിഡന്‍റിന് രാജിക്കത്ത് കൈമാറുമെന്ന് അവര്‍ പറഞ്ഞു. പ്രതിഷേധിക്കുന്നയാളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഒറ്റുകൊടുക്കുന്ന രീതിയിലേക്ക് പാര്‍ട്ടി മാറിയതാണ് പ്രതിഷേധത്തിന് കാരണം.
ബിത്ര ദ്വീപിലെ ബി.ജെപി പ്രസിഡന്‍റ് ഹമീദ് കാക്കയില്ലവും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടിയാലോചനകളൊന്നുമില്ലാതെ നടന്ന തീരുമാനമായിരുന്നു ആയിഷ സുല്‍ത്താനക്കെതിരായ കേസെന്ന് ഹമീദ് പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിച്ച അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ എന്ത് നിലപാടാണ് പാര്‍ട്ടി ഇതുവരെ സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. അഡ്മിനിസ്ട്രേറ്ററുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് നിരവധി പ്രവര്‍ത്തകര്‍ മുേമ്ബ രാജിവെച്ചിരുന്നു.
ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡന്‍റ് സി. അബ്ദുല്‍ ഖാദര്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയില്‍ കവരത്തി പൊലീസാണ് ആയിഷക്കെതിരെ കേസ് എടുത്തത്.



