കൊച്ചി:ഇരുപത്തേഴുകാരിയായ കണ്ണൂര്‍ സ്വദേശിനിയെ ദിവസങ്ങളോളം കൊച്ചിയിലെ ഫ്ലാറ്റില്‍ തടഞ്ഞുവച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതി മാര്ട്ടിന് ജോസഫിനെതിരെ മറ്റാര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പോലീസിനെ സമീപിക്കാമെന്ന് പോലീസ് അറിയിപ്പ്.
മാര്‍ട്ടിനുമായി സാമ്പത്തിക തര്‍ക്കങ്ങളോ മറ്റെന്ത് പരാതികളായാലും പോലീസിനെ സമീപിക്കണമെന്നും വിളിക്കേണ്ട നമ്പറും പോലീസ് കൊച്ചി പുറത്തുവിട്ടു. ഇന്നലെ രാത്രിയില്‍ ആണ് ഇയാളെ പിടികൂടിയത്. ഇയാളെ പോലീസ് പിടികൂടിയത് തൃശൂര്‍ കിരാലൂരില്നിന്നാണ്. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത് . മാര്‍ട്ടിനെ അന്വേഷണ സംഘം ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ചു.
പോലീസിന്‍റെ ഭാഗത്ത് കേസ് അന്വേഷിക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടന്ന് സമ്മതിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു രംഗത്തെത്തിയിരുന്നു. റസിഡന്‍സ് അസോസിയേഷനുകളുടെ സഹായത്തോടെ സമാനമായ പീഡനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പ്രതിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷിക്കും. ഈ മാസം 23 വരെ മാര്‍ട്ടിനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.



