വെസ്റ്റ് വെർജിനിയ∙ വാക്സീൻ സ്വീകരിക്കുവാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന ലക്ഷ്യത്തോടെ വിവിധ സമ്മാനങ്ങൾ പ്രഖ്യാപിച്ച് വെസ്റ്റ് വെർജിനിയ. ഗവർണർ ജിം ജസ്റ്റിസാണ് പുതിയ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. മൗണ്ടൻ സംസ്ഥാനമായി അറിയപ്പെടുന്ന വെസ്റ്റ് വെർജിനിയായിലെ 40 ശതമാനം പേർ മാത്രമാണ് ഇതുവരെ വാക്സീൻ സ്വീകരിച്ചിരിക്കുന്നത്. ഇതിൽ 33 ശതമാനം പൂർണ്ണ ഡോസ് സ്വീകരിച്ചവരാണ്.

ഏറ്റവും പുതിയ സിഡിസി റിപ്പോർട്ടനുസരിച്ചു 51 ശതമാനം പ്രായപൂർത്തിയായവർ ഒരു ഡോസ് വാക്സീൻ സ്വീകരിച്ചിട്ടുണ്ടെന്നും, 41 ശതമാനം പൂർണ്ണമായും രണ്ടു ഡോസ് സ്വീകരിച്ചിട്ടുണ്ടെന്നും ചൂണ്ടികാണിക്കുന്നു. അമേരിക്കയിലെ വാക്സീൻ സ്വീകരിക്കുന്ന സംസ്ഥാനങ്ങളിൽ 43–ാം സ്ഥാനത്താണ് വെസ്റ്റ് വെർജിനിയ.

കൂടുതൽ പേർക്ക് വാക്സീൻ നൽകുന്നതിനുള്ള പുതിയ പദ്ധതി ഗവർണർ പ്രഖ്യാപിച്ചു. ഇതിൽ ഒരു മില്യൺ ലോട്ടറി, ട്രക്കുകൾ, സ്കോളർഷിപ്പുകൾ, ആജീവനാന്ത ഹണ്ടിങ്ങ്, ഫിഷിംഗ് ലൈസെൻസുകൾ, സ്റ്റേറ്റ് പാർക്കിലേക്കുള്ള സൗജന്യ പാസ്സുകൾ ഇതിനെല്ലാം പുറമെ കസ്റ്റം മേയ്സ് റൈഫിൾസും, ഷോട്ട് ഗൺസും ഉൾപ്പെടുന്നു. മറ്റു സംസ്ഥാനങ്ങൾ സമ്മാനങ്ങൾ പലതും പ്രഖ്യാപിച്ചപ്പോൾ അതിലൊന്നും ഗൺ ഉൾപ്പെട്ടിരുന്നില്ല.