സൻഫ്രാൻസിസ്കോ ∙ പ്രവാസി മലയാളി സംരംഭകർക്കിടയിൽ അഭിമാനമായി സാമുവൽ ജോസഫ്. യുഎസിലെ സൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമുവലിന്റെ സ്റ്റാർട്ടപ്പിന് 30 കോടി രൂപയുടെ (4 ദശലക്ഷം യുഎസ് ഡോളർ) മൂലധന നിക്ഷേപമാണ് ലഭിച്ചിരിക്കുന്നത്. പത്തനംതിട്ടയിലെ കുളനട സ്വദേശിയായ സാമുവൽ ജോസഫിന്റെ ഹാക്കീമോ എന്ന കമ്പനിയാണ് ഈ മിന്നുന്ന നേട്ടം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ നാലു വർഷമായി യുഎസിലുള്ള സാമുവലാണ് കമ്പനി ഫൗണ്ടറും സിഇഒയും.
പ്രമുഖ വെൻചർ ക്യാപിറ്റൽ സ്ഥാപനമായ നിയോട്രൈബ് വെൻചേഴ്സാണ് നിക്ഷേപത്തിന് നേതൃത്വം നൽകിയത്. കൃത്രിമ ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെ സെക്യൂരിറ്റി സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ഹാക്കീമോ വികസിപ്പിക്കുന്നത്. ഈ സംവിധാനത്തിലൂടെ ആളുകളെ കൃത്യമായി നിരീക്ഷിക്കാനും അവരുടെ നീക്കങ്ങൾ അറിയാനും സാധിക്കുന്നുവെന്നാണ് പ്രത്യേകത.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെയുള്ള പദ്ധതിയായതിനാൽ വ്യക്തികളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും വളരെയെളുപ്പത്തിൽ ലഭിക്കും. ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. വൻകിട കോർപ്പറേറ്റ് ഓഫീസുകൾ, കോളേജ് ക്യാംപസുകൾ, ആശുപത്രികൾ മുതലായ വിവിധ സ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പികുന്നതിന് ഈ സാങ്കേതികവിദ്യ സഹായകമാകും.
ചെറിയ തുടക്കം, വലിയ നേട്ടം
സ്റ്റാർട്ടപ്പിന്റെ തുടക്കത്തിൽ തന്നെ ഹാക്കീമോ എന്ന കമ്പനിയെയും സാമുവൽ ജോസഫ് എന്ന മലയാളിയെയും തേടിയെത്തിയിരിക്കുന്നത് വലിയ നേട്ടമാണ്. സൻഫ്രാൻസിസ്കോയിലെ മെൻലോ പാർക്കിലാണ് യുഎസിലെ ഓഫീസ് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിൽ ബെംഗളൂരുവിലും ഇവർക്ക് ഓഫീസുണ്ട്. വലിയ മൂലധന നിക്ഷേപം വന്നതോടെ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് വേഗം കൂടുമെന്നാണ് പ്രതീക്ഷ. ബെംഗളൂരു സ്വദേശിയായ സാഗർ ഹൊണ്ണുഗറാണ് കമ്പനിയുടെ സഹസ്ഥാപകൻ. ‘വിജ്ഞാനം’ എന്നർഥമുള്ള സുറിയാനി പേരാണ് സാമുവൽ തന്റെ കമ്പനിക്ക് നൽകിയത്.



