ബംഗളൂരു: മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്​റ്റ്​ ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ വീണ്ടും മാറ്റി. ബുധനാഴ്​ച ഹരജി പരിഗണിച്ച കര്‍ണാടക ഹൈകോടതിയുടെ അവധിക്കാല ബെഞ്ച്​, ഇ.ഡിയുടെ അഭ്യര്‍ഥന മാനിച്ചാണ്​ ജൂണ്‍ ഒമ്പതിലേക്ക്​ ഹരജി മാറ്റിയത്​.

കേസില്‍ ഇ.ഡിക്ക്​ വേണ്ടി ഹാജരാവാറുള്ള അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്​.വി. രാജുവിന്​ കോവിഡ്​ ബാധിച്ചതിനാല്‍ ഹരജി​ ജൂണ്‍ 14ലേക്ക്​ മാറ്റിവെക്കണ​െമന്നായിരുന്നു അഭ്യര്‍ഥിച്ചത്​. എന്നാല്‍, ഇതിനെ എതിര്‍ത്ത ബിനീഷി​െന്‍റ അഭിഭാഷകന്‍ ഗുരുകൃഷ്​ണ കുമാര്‍ കേസ്​ വരുംദിവസങ്ങളില്‍ പരിഗണിക്കണമെന്ന്​ അഭ്യര്‍ഥിച്ചെങ്കിലും അവധിക്കാല ബെഞ്ച്​ ഒരാഴ്​ചത്തേക്ക്​ മാറ്റുകയായിരുന്നു. അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന്​ ഹാജരാവാന്‍ കഴിയുന്നതുവരെ ബിനീഷിന്​ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അഭിഭാഷക​െന്‍റ ആവശ്യവും കോടതി തള്ളി.

ബിനീഷി​െന്‍റ അക്കൗണ്ടിലെത്തിയ അഞ്ചുകോടിയോളം രൂപയുടെ ഉറവിടം സംബന്ധിച്ച രേഖകള്‍ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ജൂണ്‍ രണ്ടിനകം രേഖകള്‍ ഹാജരാക്കണമെന്ന്​ ഹൈകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബംഗളൂരു മയക്കുമരുന്ന്​ കേസില്‍ നര്‍കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്​റ്റ്​ ചെയ്​ത കൊച്ചി സ്വദേശി മുഹമ്മദ് അനൂപില്‍നിന്ന് ബിനീഷ്​ പണം കൈപ്പറ്റിയിട്ടില്ലെന്ന കാര്യം അഭിഭാഷകന്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

ബിനീഷി​െന്‍റ അക്കൗണ്ടിലെത്തിയ അഞ്ചു കോടിയിലേറെ രൂപയുടെ സ്രോതസ്സ്​ സംബന്ധിച്ച എല്ലാ രേഖകളും ഹൈകോടതിയില്‍ സമര്‍പ്പിച്ചതായി ബിനീഷി​െന്‍റ അഭിഭാഷകരിലൊരാളായ അഡ്വ. രഞ്​ജിത്​ ശങ്കര്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി അറസ്​റ്റ്​ ചെയ്തത്. നവംബര്‍ 11നുശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്​റ്റഡിയിലാണ് ബിനീഷ്​.