തിരുവനന്തപുരം: മാസ്‌ക് ധരിക്കാതെ നിയമസഭയില്‍ സംസാരിച്ച എംഎല്‍എമാരെ ഉപദേശിച്ച്‌ സ്പീക്കര്‍. മാസ്‌ക് ധരിക്കാതെയും താഴ്ത്തിവെച്ചും നിയമസഭയില്‍ സംസാരിച്ച എംഎല്‍എമാര്‍ക്കാണ് സ്പീക്കര്‍ എം ബി രാജേഷ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. പൊതുജനങ്ങള്‍ക്ക് മാതൃകയാകേണ്ടവര്‍ പ്രോട്ടോക്കോള്‍ ലംഘിക്കരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു.

നിയമസഭാ സമ്മേളനത്തില്‍ നിരവധി എംഎല്‍എമാരാണ് മാസ്‌ക് ശരിയായി ധരിക്കാതിരുന്നത്. പതിനഞ്ചാം കേരള നിയമസഭാ സമ്മേളനം പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുമ്ബോഴാണ് എംഎല്‍എമാര്‍ മാസ്‌ക് ശരിയായി ധരിക്കാത്തത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് സ്പീക്കര്‍ മാസ്‌കിന്റെ പ്രധാന്യം ഓര്‍മിപ്പിച്ചു. ശ്വസിക്കാന്‍ പ്രശ്നമുള്ളതിനാലാണ് മാസ്‌ക് മാറ്റിവെച്ചതെന്നും രണ്ട് പ്രാവശ്യം കോവിഡ് വന്നയാളാണെന്നും അദ്ദേഹം സ്പീക്കര്‍ക്ക് മറുപടി നല്‍കുകയും പിന്നീട് മാസ്‌ക് ധരിച്ച്‌ പ്രസംഗം തുടരുകയും ചെയ്തു. ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിച്ച സി.എച്ച്‌. കുഞ്ഞമ്ബുവും മാസ്‌ക് ശരിയായി ധരിച്ചിരുന്നില്ല. ഇതോടെയാണ് എല്ലാ എംഎല്‍എമാരെയും സ്പീക്കര്‍ മാസ്‌കിന്റെ പ്രധാന്യത്തെ കുറിച്ച്‌ ഓര്‍മ്മിപ്പിച്ചത്.

പലരും സഭയില്‍ മാസ്‌ക് താഴ്തിവെച്ച്‌ ചര്‍ച്ച ചെയ്തത് ഒരുപാട് പേര്‍ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായെന്നും സഭാ നടപടിക്രമങ്ങള്‍ ആളുകള്‍ വീക്ഷിക്കുന്നുണ്ടെന്നും സ്പീക്കര്‍ എം ബി രാജേഷ് സഭാംഗങ്ങളോട് വ്യക്തമാക്കി.