ചാത്തന്നൂര്‍: കുരീപ്പള്ളിയിലെ പെട്രോള്‍ ബോംബാക്രമണക്കേസിലെ പ്രതിയും, ഇഎംസിസി എന്ന അമേരിക്കന്‍ കമ്ബനിയുടെ ചെയര്‍മാനുമായ ഷിജു വര്ഗീസിനെക്കുറിച്ചന്വേഷിക്കുന്ന പോലീസ് സിനിമാ താരം പ്രിയങ്കയെ ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും കുഞ്ഞിന്റെ അസുഖം മൂലം പ്രിയങ്ക സാവകാശം ചോദിച്ചിരുന്നു. എറണാകുളത്ത് താമസിക്കുന്ന പ്രിയങ്ക തിങ്കളാഴ്ച ഉച്ചയോടെയാണ് ചാത്തന്നൂര്‍ എസിപി വൈ.നിസാമുദീന്‍ മുമ്ബാകെ ഹാജരായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തിലെ ഡമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റീസ് പാര്‍ട്ടി (ഡിഎസ്ജെപി ) യുടെ സ്ഥാനാര്‍ഥിയായി പ്രിയങ്ക മത്സരിച്ചിരുന്നു.
ഡിഎസ്ജെപി ആവശ്യപ്പെട്ടതനുസരിച്ചാണ് അരൂര്‍ മണ്ഡലത്തില്‍ മത്സരിച്ചതെന്ന് പ്രിയങ്ക പോലീസിന് മൊഴി നല്കി. ഡിഎസ് ജെ പിയുമായി അധികബന്ധമില്ല. കുണ്ടറയിലെ സ്ഥാനാര്‍ഥിയായി മത്സരിച്ച ഷിജു വര്‍ഗീസുമായി അടുപ്പമോ ബന്ധമോ വലിയ പരിചയമോ ഇല്ല. മറ്റൊരു മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥി എന്നു മാത്രമേ അറിയുകയുള്ളൂ. ബോംബേറ് കേസും മറ്റു വിവരങ്ങളും പത്രങ്ങളിലുടെയാണ് അറിഞ്ഞതെന്നും ചലച്ചിത്ര താരം മൊഴി നല്കി.
ഡി എസ് ജെ പി സ്ഥാനാര്‍ഥിയായാണ് ഷിജു വര്‍ഗീസ് കുണ്ടറയില്‍ മുന്‍ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്ക്കെതിരേ മത്സരിച്ചത്. ഡിഎസ്ജെപിയുടെ സ്ഥാനാര്‍ഥികളെയും ഭാരവാഹികളെയും അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. പെട്രോള്‍ ബോംബാക്രമണ കേസിലെ പ്രതിയായ ഷിജു വര്‍ഗീസിനെതിരേ സമഗ്രമായ അന്വേഷണമാണ് പ്രത്യേക സംഘം നടത്തുന്നത്.
തെരഞ്ഞെടുപ്പു ദിവസമാണ് കുരീപ്പള്ളിയില്‍ പെട്രോള്‍ ബോംബാക്രമണക്കേസ് ഉണ്ടായത്. പെട്രോള്‍ ബോംബാക്രമണത്തിന്റെ ഗൂഡാലോചന നടന്നത് കൊച്ചി പാലാരിവട്ടത്തെ ഫ്ലാറ്റില്‍ വച്ചാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ചോദ്യം ചെയ്യപ്പെടാനുള്ള ദല്ലാള്‍ നന്ദകുമാര്‍, തുടങ്ങി നിരവധി പേര് കോവിഡ് പ്രതിസന്ധിയില്പ്പെട്ടതിനാലാണ് അന്വേഷണം നീണ്ടു പോകുന്നതെന്ന് അന്വേഷണ സംഘത്തലവന് ചാത്തന്നൂര്‍ എസിപി പറഞ്ഞു.



