ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനു പരിധി നിശ്ചയിക്കാന്‍ സമയമായെന്നു സുപ്രീം കോടതി. ആന്ധ്രപ്രദേശിലെ രണ്ട് വാര്‍ത്താ ചാനലുകള്‍ക്കെതിരേയുള്ള നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ടാണ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ പരാമര്‍ശം. ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ചു മരിച്ച ആളിന്റെ മൃതദേഹം നദിയിലേക്കു വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്തെത്തിച്ച ചാനലിനെതിരേയാകുമോ അടുത്ത രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതെന്നും മൂന്നംഗ ബെഞ്ച് പരിഹാസരൂപേണ ചോദിച്ചു.
ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് വിമത എംപി നടത്തിയ പ്രസ്താവന സംപ്രേഷണം ചെയ്തതിനു ടിവി-5 ന്യൂസ്, എബിഎന്‍ ആന്ധ്ര ജ്യോതി എന്നീ രണ്ട് തെലുങ്ക് ചാനലുകള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഈ കേസില്‍ അറസ്റ്റ് നടപടികള്‍ സുപ്രീം കോടതി തടഞ്ഞെങ്കിലും പോലീസ് നടപടികള്‍ തുടര്‍ന്നതിനെതിരേ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റീസുമാരായ ചന്ദ്രചൂഡ്, എല്‍. നാഗേശ്വര്‍ റാവു, രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ച് രാജ്യദ്രോഹക്കേസ് ചുമത്തുന്ന കാര്യത്തില്‍ രൂക്ഷമായി പ്രതികരിച്ചത്. ആന്ധ്രയിലെ പോലീസ് നടപടി മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.
രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് അടക്കമുള്ള വിഷയത്തില്‍ ശരിയായ വിശകലനം നടത്തേണ്ടത് രാജ്യത്ത് നിലവിലുള്ള ഗുരുതരമായ സ്ഥിതിവിശേഷത്തില്‍ അത്യാവശ്യമാണ്. ഐപിസി 124 (എ), 153 എന്നീ വകുപ്പുകള്‍ക്ക് വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും നല്കാന് സമയമായെന്നും കോടതി പറഞ്ഞു.
കോവിഡ് ബാധിച്ചു മരിച്ച ഒരാളുടെ മൃതദേഹം നദിയിലേക്കു വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ ഒരു ചാനലില്‍ കണ്ടു. ഇപ്പോള്‍ ഈ ചാനലിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ടോയെന്നു തനിക്കറിയില്ലെന്നു ജസ്റ്റീസ് ചന്ദ്രചൂഡ് പറഞ്ഞു.



