ടെക്സസ് ∙ അടുത്ത മാസം ഒരു ഓവർടൈം ടെക്സസ് നിയമസഭാ സമ്മേളനം വിളിക്കണമെന്ന ലഫ്. ഗവർണറുടെ അഭ്യർഥന ഇപ്പോഴും ടെക്സസ് ഗവർണർ പരിഗണിച്ചുവരികയാണ്. ഇപ്പോൾ നടക്കുന്ന സഭാ സമ്മേളനം തിങ്കളാഴ്ച (മേയ് 31) അവസാനിക്കുകയാണ്. ഗവർണർ ഗ്രെഗ് ആബട്ടും ലഫ്. ഗവർണർ ഡാൻ പാട്രിക്കും തമ്മിലുള്ള ശീതസമരം ആരംഭിച്ചിട്ട് നാളുകൾ ഏറെയായി.
ടെക്സസിലെ ഭരണകക്ഷി ഗ്രാൻഡ് ഓൾഡ് (റിപ്പബ്ലിക്കൻ) പാർട്ടിക്കുള്ളിലെ വിഭാഗീയത ഇടയ്ക്കിടെ മറനീക്കി രംഗപ്രവേശം നടത്താറുണ്ട്. അടുത്ത ടെക്സസ് തിരഞ്ഞെടുപ്പിൽ പാർട്രിക്കിനെതിരെ മത്സരിക്കുമെന്ന് ഇപ്പോൾ റെയിൽ റോഡ് കമ്മീഷണറായ മുൻ പ്രസിഡന്റ് ജോർജ് എച്ച് ഡബ്ലിയു ബുഷിന്റെ ചെറുമകൻ പോൾ (ജോർജ്) ബുഷ് പ്രഖ്യാപിച്ചിട്ടുണ്ട്. ടെക്സസ് ജിഒപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ പോളിനുണ്ട്. നിലവിലെ സാഹചര്യത്തിൽ ആബട്ട് ബുഷിനെ പിന്തുണയ്ക്കുവാനാണ് സാധ്യത.
ലഫ്. ഗവർണറുടെ അഭ്യർഥന ഒരു അൺ വെൽകം ഡിമാന്റാണെന്ന് ഗവർണറോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. അടുത്ത മാസം സംഭാവനകൾ സ്വരൂപിക്കുവാനുള്ള തിരക്കിലായിരിക്കും നേതാക്കൾ. തിരഞ്ഞെടുപ്പ് പ്രചരണ ഫണ്ട് കളക്ഷനിൽ പ്രവീണനാണ് ആബട്ട്. 2022 ലെ തന്റെ മൂന്നാമത്തെ ടേമിനുള്ള പ്രചരണത്തിന് ഇതിനകം തന്നെ നീക്കിയിരിപ്പായി 40 മില്യൻ ഡോളർ ആബട്ട് ശേഖരിച്ചു കഴിഞ്ഞു.
താൻ മുൻഗണന നൽകിയിരുന്ന മൂന്ന് റെഡ്മീറ്റ് ഇനങ്ങൾ ഇക്കഴിയുന്ന സഭാ സമ്മേളനത്തിൽ സമയം ലഭിക്കാത്തതിൽ അകാലമൃത്യു വരിച്ചതിൽ പാട്രിക്കിന് വിഷമവും അമർഷവുമുണ്ട്. ജൂണിൽ പ്രത്യേക സമ്മേളനത്തിൽ ഈ മൂന്ന് ബില്ലുകളും പാസാക്കണം എന്നാണ് പാട്രിക്കിന്റെ ആവശ്യം. ട്രാൻസ് ജൻഡർ സ്റ്റുഡന്റ്സ് അത്ലറ്റിക്സ്, നികുതിദായകർ ഫണ്ട് ചെയ്യുന്ന ലോബിയിംഗ്, സോഷ്യൽ മീഡിയയുടെ സെൻസർഷിപ്പ് എന്നിവയാണ് ബില്ലുകൾ.
ആബട്ടിന് മുന്നിൽ മാർഗങ്ങൾ ഉള്ളതായി നിരീക്ഷകർ പറയുന്നു. പാർട്രിക്കിന്റെ നിർദേശം അവഗണിച്ച് 2022 ലെ തന്റെ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോവുകയാണ് ആദ്യ മാർഗം. ബില്ല് പാസാക്കിയെടുക്കുവാൻ ഉണ്ടായിരുന്ന 140 ദിവസങ്ങൾ നിങ്ങൾ പാഴാക്കിയില്ലേ എന്ന ചോദ്യം വിശദീകരണമായി നൽകുവാൻ കഴിയും. ഫാളിൽ ടെക്സസിൽ റീഡിസ്ട്രിക്ടിംഗ് നടക്കുമ്പോൾ കാണാം എന്ന് പാട്രിക് അനുകൂലികളെ ഓർമ്മിപ്പിക്കുകയുമാവാം.
രണ്ടാമത്തെ മാർഗം പാട്രിക്കിന്റെ നിർദേശത്തിന് വഴങ്ങുകയാണ്. ഇത് ഒരു കീഴടങ്ങലായി നിരീക്ഷകർ കണ്ടേക്കാം. നിയമ നിർമ്മാതാക്കൾ വേഗത്തിൽ പ്രവർത്തിച്ചാൽ ലോബിയിംഗ്, സോഷ്യൽ മീഡിയ ബില്ലുകൾ പാസാക്കാൻ കഴിയും.
മൂന്നാമത്തെ മാർഗം 2017 ൽ പാട്രിക്കിന്റെ നിർദേശത്തോട് വഴങ്ങിയതുപോലെ ഇത്തവണയും ചെയ്യുക എന്നതാണ്. അന്ന് ഒരു സ്പെഷ്യൽ സെഷന് വഴങ്ങുകയല്ലാതെ ആബട്ടിന് മുന്നിൽ മറ്റൊരു മാർഗം ഉണ്ടായിരുന്നില്ല. എന്നാൽ പാട്രിക്കിന്റെ നിർദേശത്തിന് വഴങ്ങിയപ്പോഴും താനാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. പാട്രിക്ക് അല്ല എന്ന് ആബട്ട് വ്യക്തമാക്കിയിരുന്നു. ഇത്തവണ ആബട്ടിന് സമ്മേളനത്തിന്റെ അജണ്ടയിൽ ടെക്സസിന്റെ ഇലക്ട്രിക്ക് ഗ്രിഡ് വിഷയം കൂടി ഉൾപ്പെടുത്തി ടെക്സസിൽ വൈദ്യുതി നിലച്ചതിന് കാരണക്കാരായി പാട്രിക്കിനെയും സ്പീക്കർ ഡേഡ് ഫേയനെയും പേരെടുത്ത് പറഞ്ഞ് വിമർശിക്കുകയും ആവാം.
സമ്മേളനത്തിന്റെ അന്തിമ നാളുകളിൽ സംസ്ഥാനത്തെ മൂന്ന് പ്രധാന നേതാക്കളിൽ ഷട്ടിൽ ഡിപ്ളോമസി പ്രകടമാക്കുകയും ചെയ്യാം. മുഖം രക്ഷിക്കലായിരിക്കും പ്രധാന ലക്ഷ്യം. പാർലമെന്ററി ഡിപ്ളോമസിയുടെ സൂക്ഷ്മ വശങ്ങൾ രക്ഷിക്കുക പ്രധാന ലക്ഷ്യമാവും, പ്രത്യേകിച്ച് റിപ്പബ്ലിക്കനുകളിലെ വിഭാഗീയത രൂക്ഷമാകുമ്പോൾ.
റിപ്പബ്ലിക്കൻ കൺസൾട്ടന്റ് മാർക്ക് മക്കോവിയാക്ക് പറയുന്നത് ഒരു ജൂൺ സമ്മേളനത്തിന്റെ സാധ്യത താൻ കാണുന്നില്ല എന്നാണ്. കുതിര കച്ചവടത്തിന് ധാരാളം സമയമുണ്ട്. പല പ്രധാന ജിഒപി നേതാക്കളെക്കൊണ്ടും യെസ് പറയിക്കുവാൻ കഴിയും. ഇവർ പാട്രിക്കിനെ അനുകൂലിക്കും. ലോബിയിംഗ് പ്രധാന തന്ത്രമായിരിക്കും. കാരണം ഇത് വർഷങ്ങൾ നീളുന്ന ഒരു പ്രക്രിയയായിരിക്കും എന്നാണ്.
ടെക്സസിലെ ഏറ്റവും സമ്മതനായ ജിഒപി നേതാവായതിനാൽ പാട്രിക്കിന്റെ നിർദേശങ്ങൾ അവഗണിച്ച് ആബട്ടിന് മുന്നോട്ട് പോകാൻ കഴിയും. കേവല അതിജീവനത്തിനുപരിയായി തിളങ്ങാനും കഴിയും, ദീർഘനാൾ ഡെമോക്രാറ്റിക് പാർട്ടിയെ വിശകലനം ചെയ്യുന്ന ഹാരോൾഡ് കുക്ക് പറഞ്ഞു. ഡാലസ് വ്യവസായിയും മുൻ സ്റ്റേറ്റ് സെനറ്ററുമായ ഡോൺ ഹഫിൻസ് ജിഒപി ഗവർണർ പ്രൈമറികളിൽ ആബട്ടിനെതിരെ മത്സരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.
ആബട്ടിന് തന്റെ പാർട്ടിയിലെ വലതുപക്ഷക്കാരെ അവഗണിക്കുവാനാവില്ല എന്ന് കുക്ക് പറഞ്ഞു. എന്നാൽ റൈസ് യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയന്റിസ്റ്റ് മാർക്ക് ജോൺസ് ആബട്ട് പാട്രിക്കിന്റെ ഭീഷണി തള്ളിക്കളഞ്ഞാലും തന്റെ സ്ഥാനാർത്ഥിത്വത്തിന് കേടുപാടുകൾ ഒന്നും സംഭവിക്കുകയില്ല എന്ന് പറഞ്ഞു, പലരുടെയും പാട്രിക്കുമായുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടിയിട്ടുണ്ടെന്ന് കുക്ക് അഭിപ്രായപ്പെട്ടു.



