ന്യൂയോർക്ക് ∙ യുഎസിലെ മലയാളി സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക(ഫോമ)യും അംഗ സംഘടനകളും കോവിഡിന്റെ അതിരൂക്ഷ വ്യാപനത്തിൽ പ്രതിസന്ധിയിലായ സംസ്ഥാനത്തെ സഹായിക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ നൽകിയ സഹായം കേരളത്തിലെത്തി. പത്ത് വെന്റിലേറ്ററുകളും അഞ്ഞൂറ് പൾസ് ഓക്സി മീറ്ററുകളും ഉൾപ്പെടെ ഒന്നരക്കോടി രൂപയുടെ ജീവൻ രക്ഷാ ഉപകരണങ്ങൾ ഇന്നു പുലർച്ചെയുള്ള എമിറേറ്റ്സ് വിമാനത്തിലാണ് അമേരിക്കയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത്.

കോവിഡ് പ്രതിസന്ധിയിലുള്ള കേരളത്തിന് കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ’ പദ്ധതിയുടെ ഭാഗമായാണ് ഇവ നാട്ടിലെത്തിച്ചത്. സഹായത്തിന്റെ രണ്ടാം ഘട്ടത്തിൽ ബ്ലാക്ക് ഫംഗസിനെതിരെയുള്ള മരുന്നുകളും സർജിക്കൽ ഗ്ലൗസുകളും കൂടുതൽ വെന്റിലേറ്ററുകളും ഉൾപ്പെടെയുള്ളവ കേരളത്തിലേക്ക് എത്തിക്കുമെന്ന് ഫോമ പ്രസിഡന്റ് അനിയൻ ജോർജ് അറിയിച്ചു.
കേരളത്തിൽ മറ്റു അനുബന്ധ ഉപകരണങ്ങളുടെ സഹായമില്ലാതെ, വൈദ്യതി വ്യതിയാനമുണ്ടാകുമ്പോൾ തകരാറുകളില്ലാതെ ദീർഘകാലം പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഉപകരണങ്ങൾ കേരള സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചുള്ളതാണ്. ഇന്ത്യൻ വിപണിയിൽ ഒന്നരക്കോടി രൂപ വിലവരുന്ന ജീവൻ രക്ഷാ ഉപകരണങ്ങളാണ് ആദ്യ ഘട്ടത്തിൽ കേരളത്തിലെത്തിച്ചിട്ടുള്ളതെന്ന് ഫോമ അധികൃതർ പറഞ്ഞു.

രണ്ടാം ഘട്ടമായി പത്ത് വെന്റിലേറ്ററുകളും അൻപത് ഓക്സിജൻ കോൺസെട്രേറ്ററുകളും, സർജിക്കൽ ഗ്ലൗവുസുകളും, ബ്ലാക്ക് ഫംഗസിനെതിരെയുള്ള മരുന്നുകളും കയറ്റി അയക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. ബുധനാഴ്ച ഇവ അമേരിക്കയിൽ നിന്നും കേരളത്തിലേക്ക് അയക്കും. മൂന്നാം ഘട്ടത്തിൽ 14 വെന്റിലേറ്ററുകളും ഓക്സിജൻ കോൺസെട്രേറ്ററുകളും അയക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഫോമ ഭാരവാഹികൾ അറിയിച്ചു.

കേരള അസോസിയേഷൻ ഓഫ് വാഷിങ്ടൻ രണ്ട് വെന്റിലേറ്ററുകൾ, ഫോമാ സെൻട്രൽ റീജിയൻ, ബേ മലയാളി, മിനസോട്ട മലയാളി അസോസിയേഷൻ, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ, ദിലീപ് വർഗീസ്, ജോൺ സി വർഗീസ്, ജോൺ ടൈറ്റസ്, ഡോ. ജോൺ ആൻഡ് ലിസ കൈലാത്ത്‌ തുടങ്ങിയവരും സംഘടനകളുമാണ് വെന്റിലേറ്ററുകൾ സംഭാവനയായി നൽകിയത്.