വാഷിങ്ടൻ ∙ ജനുവരി ആറിന് യുഎസ് ക്യാപിറ്റോൾ ഉണ്ടായ അക്രമ സംഭവങ്ങളെ കുറിച്ചു അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കമ്മീഷൻ രൂപീകരിക്കുന്നതിന് ഡമോക്രാറ്റിക് പാർട്ടി സെനറ്റിൽ കൊണ്ടുവന്ന നിയമ നിർമാണം റിപ്പബ്ലിക്കൻ പാർട്ടിയുടെ എതിർപ്പിനെ തുടർന്ന് പരാജയപ്പെട്ടു. ബിൽ പാസാക്കാൻ കഴിയാതിരുന്നതു നാണക്കേടാണെന്നു നാൻസി പെലോസി അഭിപ്രായപ്പെട്ടു.

സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 60 സെനറ്റർമാരുടെ പിന്തുണ ആവശ്യമായിരുന്ന സ്ഥാനത്തു 54 പേരുടെ പിന്തുണ മാത്രമേ ബില്ലിന് ലഭിച്ചുള്ളൂ. 35 പേർ ബില്ലിനെ എതിർത്തു വോട്ടു ചെയ്തു. 11 പേർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

50–50 എന്ന തുല്യ ബലാബലമുള്ള സെനറ്റിൽ റിപ്പബ്ലിക്കൻ സെനറ്റർമാർ ഡമോക്രാറ്റിക് പാർട്ടിയെ പിന്തണച്ചിരുന്നു. യുഎസ് ഹൗസ് ഈ ബിൽ 175 നെതിരെ 252 വോട്ടുകൾക്ക് അംഗീകരിച്ച ശേഷമായിരുന്നു സെനറ്റിൽ എത്തിയത്. സെനറ്റിൽ കമ്മീഷൻ നിയമനം തള്ളി പോയത് ഡമോക്രാറ്റിക് പാർട്ടിക്കേറ്റ തിരിച്ചടിയും ട്രംപിനും, റിപ്പബ്ലിക്കൻ പാർട്ടിക്കും വലിയ നേട്ടവുമായി.

ക്യാപിറ്റോൾ അക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഓഫീസറുടെ ഭാര്യ കമ്മീഷനെ നിയമിക്കുന്നത് അംഗീകരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. സെനറ്റിൽ കമ്മീഷൻ നിയമനം പരാജയപ്പെട്ടുവെങ്കിലും സ്വന്തമായി അന്വേഷണത്തിനു പദ്ധതിയിടുകയാണു ഡമോക്രാറ്റിക് പാർട്ടി.