സാന്റാക്ലാര(കാലിഫോർണിയ) ∙ സാന്റാക്ലാരാ വാലി ട്രാൻസ്പോർട്ടേഷൻ അതോറട്ടി സൈറ്റിൽ അതിക്രമിച്ചു കടന്ന് മുൻ ജീവനക്കാരൻ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പ്രതി ഉൾപ്പെടെ പത്തായി. പത്തുപേരും ഇവിടെയുള്ള ജീവനക്കാരായിരുന്നുവെന്നും, ഓരോരുത്തരേയും പ്രതിക്ക് നേരിട്ടറിയാമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇതിനിടെ സഹപ്രവർത്തകരെ രക്ഷിക്കുന്നതിന് തന്റെ സുരക്ഷിതത്വം പോലും മറന്ന് ഒടുവിൽ പ്രതിയുടെ തോക്കിൽ നിന്നും ചീറിപാഞ്ഞ വെടിയുണ്ടയുടെ മുമ്പിൽ ജീവൻ ബലിയർപ്പിച്ച തപ്തേജ്ദീപ് സിങിന് (36) സിഖ് കമ്മ്യൂണിറ്റിയുടേയും കുടുംബാംഗങ്ങളുടേയും കണ്ണീരിൽ കുതിർന്ന ബാഷ്പാജ്ഞലി. കെട്ടിടത്തിൽ വെടിവെപ്പു നടക്കുന്നുവെന്ന് അറിഞ്ഞതോടെ സിങ് ഉൾപ്പെടെയുള്ള പല ജീവനക്കാരും സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടി. നിൽക്കാത്ത വെടിയുടെ ശബ്ദം കേട്ടതോടെ അഭയം തേടി മറഞ്ഞു നിന്നിരുന്ന സിങ് പുറത്തു വന്ന് കെട്ടിത്തിനകത്തുണ്ടായിരുന്ന സഹപ്രവർത്തകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് തള്ളിമാറ്റി. തുടർന്ന് മുകളിലേക്കുള്ള പടികൾ കയറുന്നതിനിടെയാണ് അക്രമിയുടെ വെടിയുണ്ട സിങ്ങിന്റെ ജീവനെടുത്തത്.

പഞ്ചാബിൽ ജനിച്ചു വളർന്ന തപ്തേജ്ദീപ് 17 വർഷങ്ങൾക്കു മുമ്പാണ് മാതാപിതാക്കളോടൊപ്പം കലിഫോർണിയായിൽ എത്തിയത്. വിറ്റിഎ റെയ്ൽ റോഡ് ഓപ്പറേറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു. ഏഴു വർഷത്തെ സർവ്വീസാണ് സിങ്ങിനുണ്ടായിരുന്നത്. ഭാര്യയും മൂന്നും ഒന്നും വയസ്സുള്ള കുടുംബത്തിന്റെ നാഥനായിരുന്നു. നല്ലൊരു പിതാവ്, ഭർത്താവ്, സഹോദരൻ, മകൻ എന്നിവയെല്ലാമായിരുന്നു തപ്ജിത് സിങ്ങെന്ന് സഹോദരൻ കർമാൻ സിംഗ് പറഞ്ഞു.

സിഖ് കൊയലേഷൻ സ്റ്റാഫ് തപ്ജിത് സിങ്ങിന്റെ കുടുംബത്തെ സംരക്ഷിക്കാൻ എപ്പോഴും കൂടെയുണ്ടാകുമെന്നും സഹപ്രവർത്തകരെ രക്ഷിക്കുന്നതിന് തപ്ജിത് സിങ് പ്രകടിപ്പിച്ച മനോധൈര്യം ധീരോത്തമമായിരുന്നുവെന്നും സ്റ്റാഫംഗങ്ങൾ പറഞ്ഞു.