വാഷിങ്ടൻ ഡിസി ∙ അമേരിക്കയിലെ മുതിർന്ന 50% പേർക്കും കോവിഡ് വാക്സീൻ നൽകി കഴിഞ്ഞതായി മേയ് 25 ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വൈറ്റ് ഹൗസ് വെളിപ്പെടുത്തി.രാജ്യം ഇതോടെ വലിയൊരു നാഴികക്കല്ലു പിന്നിട്ടിരിക്കുന്നു. ജൊ ബൈഡൻ അധികാരമേൽക്കുമ്പോൾ ഒരുശതമാനത്തിന് പോലും വാക്സീൻ ലഭിച്ചിരുന്നില്ല. മേയ് 25 ന് ലഭ്യമായ ഔദ്യോഗിക കണക്കനുസരിച്ചു 130.6 മില്യൺ അമേരിക്കൻസ് പൂർണ്ണമായും വാക്സീൻ നൽകി കഴിഞ്ഞു. ജൂലൈമ4 നു മുമ്പു 160 മില്യൺ പേർക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികളാണു സ്വീകരിച്ചിരിക്കുന്നതെന്നു പ്രസിഡന്റ് ബൈഡൻ പറഞ്ഞു.
എത്രയും വേഗം എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.അമേരിക്കൻ ജനസംഖ്യയിൽ 49.4 ശതമാനം 12നും മുകളിലുള്ളവരാണ്.ഫൈസർ വാക്സീൻ മാത്രമാണ് ഇതുവരെ യുവജനങ്ങൾക്കു നൽകുന്നതിനുള്ള അംഗീകാരം നൽകിയിരിക്കുന്നത്. മൊഡേണ ഇതുവരെ 18 വയസ്സിനു താഴെയുള്ളവർക്കു നൽകുന്നതിന് അനുമതി ലഭിച്ചിട്ടില്ല.
വാക്സിനെ കുറിച്ചു ചെറിയ ആശങ്കകൾ പല ഭാഗത്തു നിന്നും ഉയരുന്നുവെങ്കിലും അതു അത്ര ഗൗരവമായി എടുക്കേണ്ടതില്ലെന്നും, വാക്സിനേഷൻ സ്വീകരിക്കുന്നതിന് അതൊരു തടസ്സമാകരുതെന്നു സിഡിസി അധികൃതർ അറിയിച്ചു. വൈറസിനെ പ്രതിരോധിക്കുന്നതിന് അമേരിക്കയിലെ 70–85% പേരെങ്കിലും വാക്സീൻ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നു ബൈഡൻ പറഞ്ഞു. വാക്സിൻ സ്വീകരിക്കേണ്ടതിനെ കുറിച്ചു ബോധവൽക്കരണ സെമിനാറുകളും സംഘടിപ്പിക്കണമെന്നു ബൈഡൻ പറഞ്ഞു.



