റാസല്‍ഖൈമ: മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ പര്‍വത പ്രദേശത്ത് കാണാതായ ഇന്ത്യന്‍ ബാലനെ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം റാസല്‍ഖൈമയിലെ യാനിസ് പര്‍വത നിരയിലാണ് മൂന്ന് വയസുകാരനായ കുട്ടിയെ കാണാതായത്.
ഫാമിലി ട്രിപ്പിനായി സ്ഥലത്തെത്തിയ കുടുംബാഗംങ്ങള്‍ക്കിടയില്‍ നിന്ന് കുട്ടിയെ കാണാതാവുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ അറിയിച്ചത്.
റാസല്‍ഖൈമ പൊലീസും സിവില്‍ ഡിഫന്‍സും അടക്കം നിരവധി സര്‍ക്കാര്‍ വിഭാഗങ്ങളും സന്നദ്ധ സംഘങ്ങളും ഉള്‍പ്പെടുന്ന സംഘമാണ് തെരച്ചില്‍ നടത്തിയത്. വെള്ളിയാഴ്ച സൂര്യാസ്തമയത്തോടടുത്ത സമയത്താണ് കുട്ടിയെ കാണാനില്ലെന്ന വിവരം റാസല്‍ഖൈമ പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്.
കുട്ടിയെ കാണാതായ വിവരം ലഭിച്ചയുടനെ സ്ഥലത്തെത്തിയ പൊലീസ് സംഘം, പ്രത്യേക തെരച്ചില്‍ സംഘത്തിന് രൂപം നല്‍കി. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം, റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ്, റസ്‌ക്യൂ ആന്റ് നാഷണല്‍ ആംബുലന്‍സ്, പൊലീസ് കെ-9 യൂണിറ്റ്, അല്‍ ദഖ്ദത പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യലൈസ്ഡ് പൊലീസ് പട്രോള്‍ സംഘങ്ങള്‍, പ്രദേശവാസികള്‍, ഹസ്സ ഫസാ അഡ്വഞ്ചര്‍ ടീം എന്നിവയ്ക്ക് പുറമെ നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ സെന്ററിന്റെ ഹെലികോപ്റ്ററും തെരച്ചിലിനുണ്ടായിരുന്നു. പര്‍വത പ്രദേശത്തെ ദുര്‍ഘട സാഹചര്യങ്ങളും ഇരുട്ടും വകവെയ്ക്കാതെയായിരുന്നു തെരച്ചില്‍ പുരോഗമിച്ചത്.
12 മണിക്കൂറിന് ശേഷം ഹസ്സ ഫസാ അഡ്വഞ്ചര്‍ സംഘത്തിലുള്‍പ്പെട്ട ഒരാള്‍ ശനിയാഴ്ച രാവിലെ ആറ് മണിയോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിലായിരുന്ന കുട്ടിയുടെ ശരീരത്തില്‍ കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. കുട്ടിയെ പിന്നീട് മാതാപിതാക്കള്‍ക്ക് കൈമാറി.



