തിരുവനന്തപുരം: ഭാര്യയുടെ ആത്മഹത്യയില്‍ ഉണ്ണി രാജന് പി ദേവിന്റെ അറസ്റ്റ് വൈകുന്നതില്‍ വിശദീകരണവുമായി പൊലീസ്. ഉണ്ണിയും അമ്മയും കോവിഡ് പൊസിറ്റീവായി വീട്ടില്‍ ക്വാന്റൈനിലാണ്. ഇവര്‍ താമസിക്കുന്ന പ്രദേശം കണ്ടെയ്ന്മെന്റ് സോണിലാണെന്നും പൊലീസ് പറയുന്നു. കോവിഡ് നെഗറ്റീവായി ക്വാറന്റൈന് പൂര്‍ത്തിയാകുമ്ബോള്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
ഉണ്ണി രാജന് പി ദേവിന്റെ ഭാര്യ വെമ്ബായം സ്വദേശി പ്രിയങ്ക മേയ് 12 നാണ് വെമ്ബായത്തെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന പരാതിയുമായി പ്രിയങ്കയുടെ കുടുംബം രംഗത്തുവന്നു. കുടുംബത്തിന്റെ പരാതിയില്‍ വട്ടപ്പാറ പൊലീസ് കേസെടുത്തു.
ആത്മഹത്യ ചെയ്തിന്റെ രണ്ടു ദിവസം മുമ്ബ് പ്രിയങ്കയെ ഉപദ്രവിച്ച ശേഷം ഭര്‍ത്താവ് അങ്കമാലിയിലെ വീ്ട്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. പിന്നാലെയാണ് ജീവനൊടുക്കിയതിന്റെ തലേദിവസം ഭര്‍ത്താവിനെതിരെ പ്രിയങ്ക വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കിയത്. ഗാര്‍ഹിക പീഡനത്തിന് ഇരയായെന്നു കാട്ടിയായിരുന്നു പരാതി.
പൊലീസില്‍ പരാതി നല്കി വീട്ടിലെത്തിയ പ്രിയങ്കയ്ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. തുടര്‍ന്നാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ പ്രിയങ്കയെ കണ്ടത്.
2019 ലാണ് ഉണ്ണിയും പ്രിയങ്കയും പ്രണയിച്ച് വിവാഹിതരായത്. വിവാഹം ശേഷം പണം ആവശ്യപ്പെട്ട് ഉണ്ണി, പ്രിയങ്കയെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. അന്തരിച്ച നടന് രാജന് പി ദേവിന്റെ രണ്ടാമത്തെ മകനായ ഉണ്ണി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.



