വാഷിംഗ്ടണ്‍: പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകള്‍. സാല്‍വഡോറിലെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ രഹസ്യ ശ്മശാനം കണ്ടെത്തി. 51 കാരനായ ഹ്യൂഗോ ഏണസ്‌റ്റോ ഒസോറിയോ ഷാവേസ് എന്ന ഉദ്യോഗസ്ഥന്റെ വീട്ടിലാണ് ശ്മശാനം കണ്ടെത്തിയത്.

ശ്മശാനത്തില്‍ നിന്നും 24 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളുടേതാണെന്ന് തിരിച്ചറിഞ്ഞു. രഹസ്യ ശ്മശാനത്തില്‍ ഇതുവരെ 40ഓളം മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരിക്കാമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കൊലപാതകങ്ങള്‍ പുറംലോകം അറിയാതിരിക്കാനാണ് ഷാവേസ് ഇത്തരത്തില്‍ ശ്മശാനം തയ്യാറാക്കിയിരുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

57 കാരിയായ സ്ത്രീയേയും അവരുടെ 26 കാരിയായ മകളേയും കൊലപ്പെടുത്തിയതിന് ഈ മാസം ആദ്യം ഷാവേസിനെതിരെ കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ പിടിയിലാകുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ നിരവധി ലൈംഗിക കുറ്റകൃത്യങ്ങള്‍ നടത്തിയതായി കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.