ന്യൂഡല്‍ഹി: ഈ വര്‍ഷം ലഭ്യമാകില്ലെങ്കിലും കുത്തിവെപ്പില്ലാതെ മൂക്കിലൂടെ വാക്സിന് ഡോസ് സ്വീകരിക്കുന്ന ഇന്ത്യന്‍ നിര്‍മിത ‘നേസല്‍ കോവിഡ് വാക്സിന്’ കുട്ടികളിലെ കോവിഡ്ബാധയെ ചെറുത്ത് തോല്പിക്കുന്നതിന് ഏറെ സഹായകമാകുമെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥന്. കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ കുഞ്ഞുങ്ങളെയാണ് ഏറ്റവും രൂക്ഷമായി ബാധിക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണിത് സൗമ്യയുടെ പ്രസ്താവന.
‘ഇന്ത്യന്‍ നിര്‍മിത നേസല്‍ വാക്സിനുകള്‍ കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ മാര്‍ഗങ്ങളിലെ ചാലക ശക്തിയാകും. ഇത് മൂക്കിലൂടെ ഇറ്റിച്ച് നല്കാന് എളുപ്പമാണ്. ഇവ രോഗപ്രതിരോധശേഷി കൂട്ടും’ -ശിശുരോഗ വിദഗ്ദ കൂടിയായ ഡോ. സൗമ്യ സി.എന്‍.എന്‍ ന്യൂസ് 18നോട് പറഞ്ഞു.
കൂടുതല്‍ മുതിര്‍ന്നവര്‍ക്ക്, പ്രത്യേകിച്ച് അധ്യാപകര്‍ക്ക് വാക്സിന് നല്‍കേണ്ടതുണ്ടെന്നും സമൂഹ വ്യാപന സാധ്യത കുറയുമ്ബോള്‍ മാത്രമേ സ്കൂളുകള്‍ വീണ്ടും തുറക്കാന്‍ പാടുള്ളൂ എന്നും അവര്‍ പറഞ്ഞു. ‘ആത്യന്തികമായി ഞങ്ങള്‍ കുട്ടികള്‍ക്ക് വാക്സിന് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഈ വര്‍ഷം അത് നടക്കില്ല. സമൂഹ വ്യാപനം കുറയുമ്ബോള്‍ സ്കൂളുകള്‍ തുറക്കണം. മറ്റ് മുന്‍കരുതലുകള്‍ക്കൊപ്പം ബാക്കി രാജ്യങ്ങളും അതാണ് ചെയ്തത്. അധ്യാപകര്‍ക്ക് വാക്സിനേഷന് ചെയ്താല്‍ അത് ഒരു വലിയ ചുവടുവെപ്പായിരിക്കും’ -ഡോ. സൗമ്യ കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ കോവിഡ്ബാധയില്‍ നിന്ന് മുക്തരല്ലെന്നും എന്നാല്‍ ആഘാതം വളരെ കുറവാണെന്നും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ‘കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചാല്‍, ഒന്നുകില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല അല്ലെങ്കില്‍ കുറഞ്ഞ ലക്ഷണങ്ങളുണ്ടാകും. അവരെ പൊതുവെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ല’-നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു.
നേസല്‍ വാക്സിന് എന്ത്?
ഉപയോഗിക്കാന്‍ എളുപ്പമെന്ന നിലയില്‍ ജനപ്രിയമാണ് മൂക്കിലൂടെ നല്കുന്ന വാക്സിനുകള്‍. ഒരു നാസല്‍ വാക്സിന് (ഓരോ മൂക്കിലും ഒരു തുള്ളി ആവശ്യമാണ്) സിറിഞ്ചുകള്‍ പോലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ലാഭിക്കാനും ഓരോ വാക്സിനേഷനും എടുക്കുന്ന സമയം കുറയ്ക്കാനും സഹായിക്കും. സിംഗിള്‍-ഡോസ് മരുന്നാണെന്നതും പുതിയ വേരിയന്റിന് അനുകൂല ഘടകമാണ്. മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ് വാക്സിന്റെ പരീക്ഷണങ്ങള്‍ക്ക് അനുമതിതേടി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയ്ക്കാണ് (ഡിസിജിഐ) അപേക്ഷ നല്‍കിയിരുന്നു.
ഭാരത് ബയോടെകിെന്റ കോവാക്സിന്, ആസ്ട്രസെനിക്കയുടെ കോവിഷീല്‍ഡ് എന്നിവയ്ക്ക് മസിലുകളില്‍ രണ്ട് കുത്തിവയ്പ്പുകള്‍ ആവശ്യമാണെന്നതും മൂക്കിലൂടെ ഒഴിക്കുന്ന മരുന്നിന്ന് ആവശ്യക്കാര്‍ വര്‍ധിക്കാന്‍ ഇടയാക്കും. സാധാരണ വാക്സിന് വിതരണത്തില്‍ നിന്ന് വ്യത്യസ്തമായി മൂക്കിലൂടെയാണ് നേസല്‍ വാക്സിന് നല്‍കുക. അതിനാല്‍ ശരീരത്തില്‍ അതിവേഗം പ്രവര്‍ത്തിച്ചു തുടങ്ങുന്ന നേസല്‍ വാക്സിന് സാധാരണ വാക്സിനെക്കാള്‍ ഫലപ്രദമാണെന്നാണ് വിദഗ്ധ അഭിപ്രായം. ശരീരത്തിലെത്തി വളരെ വേഗത്തില്‍ രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ നേസല്‍ വാക്സിന് സഹായിക്കുന്നു. കോറോണ വൈറസ് മൂക്കിലൂടെ പ്രവേശിച്ച് ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന അതേ രീതിയിലൂടെയാണ് നേസല്‍ വാക്സിന് പ്രവര്‍ത്തിക്കുക. ഓരോ നാസാദ്വാരത്തിലും 0.1 മില്ലി.ലി വാക്സിനാണ് നല്‍കേണ്ടത്.



