ന്യൂയോർക്ക് ∙ മേയ് 24 മുതൽ ന്യൂയോർക്ക് സംസ്ഥാനത്ത് കോവിഡ് വാക്‌സീൻ സ്വീകരിക്കുന്നവർക്ക് 5 മില്യൻ ഡോളറിന്റെ സമ്മാനം ലഭിക്കുമെന്ന പ്രസ്‌താവനയിൽ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കുമോ ഉറപ്പു നൽകി.
വാക്‌സീൻ സ്വീകരിക്കുന്നവർക്ക് 5 മില്യൺ ഡോളർ വരെ സമ്മാന തുക ലഭിക്കുന്ന സ്ക്രാച്ച് ഓഫ് ലോട്ടറി ടിക്കറ്റുകളും നൽകും. ഭാഗ്യമുള്ളവർക്ക് ഇത്രയും തുക ലഭിക്കുമെന്നും ഗവർണർ പറഞ്ഞു. ന്യൂയോർക്കിൽ വാക്‌സീൻ സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു പോയതിനെ തുടർന്നു പ്രോത്സാഹനമായിട്ടാണ് ഇങ്ങനെ ലോട്ടറി ടിക്കറ്റ് നൽകാൻ തീരുമാനിച്ചതെന്നും ഗവർണർ ചൂണ്ടിക്കാട്ടി. 20 ഡോളർ വിലയുള്ള ഫ്രീബി സ്ക്രാച്ച് ഓഫ് ടിക്കറ്റുകളാണ് ഓരോരുത്തർക്കും ലഭിക്കുന്നത്. ന്യൂയോർക്ക് സ്റ്റേറ്റ് ലോട്ടറി മെഗാ മൾട്ടി പ്ലയർ ടിക്കറ്റുകളാണിവ.
സംസ്ഥാനത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ 23 മാസ് വാക്‌സിനേഷൻ സെന്ററുകളാണ് വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നത്. സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ ഹെൽത്ത് ഡേറ്റ അനുസരിച്ച് കഴിഞ്ഞ ആഴ്ചകളിൽ വാക്‌സീൻ സ്വീകരിക്കുന്നവരുടെ സംഖ്യ വളരെയധികം കുറഞ്ഞിട്ടുണ്ട്.
ഏപ്രിൽ പന്ത്രണ്ടിനു ശേഷമുള്ള ആഴ്ചകളിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ 43 ശതമാനമാണ് കുറവ് വന്നിട്ടുള്ളതെന്ന് ഗവർണർ പറഞ്ഞു. ന്യൂയോർക്ക് സാധാരണ നിലയിലേക്ക് മടങ്ങി വരുന്ന സാഹചര്യത്തിൽ വാക്സിനേഷൻ സ്വീകരിച്ചവരുടെ എണ്ണത്തിലും വർധനവുണ്ടാകേണ്ടതാണെന്ന് ഗവർണർ പറഞ്ഞു.



