ടൗക്‌തെ ചുഴലിക്കാറ്റ് ഗുജറാത്തില്‍ കരതൊട്ടു. പോര്‍ബന്തറിന് സമീപത്തുകൂടിയാണ് കാറ്റ് കരയിലേക്ക് നീങ്ങിയത്. മണിക്കൂറില്‍ 180 മുതല്‍ 200 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും, കടല്‍ക്ഷോഭവും, കനത്ത മഴയും ഉണ്ടാകുമെന്നാണ് കലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഗുജറാത്ത് തീരത്താകെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പോര്‍ബന്തര്‍,ഭവനഗര്‍, മെഹുവ, ബേത്താഡ്, ജാംനഗര്‍, ജൂണോഗാവ്,അംറേലി പ്രദേശങ്ങളില്‍ നിന്ന് രണ്ട് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.കൊവിഡ് ആശുപത്രിയിലെ രോഗികളെയെല്ലാം അയല്‍ ജില്ലകളിലേക്ക് മാറ്റിയിട്ടുണ്ട്. വൈദ്യുതി,കമ്യൂണിക്കേഷന്‍ സംവിധാനങ്ങളെല്ലാം ഓഫ് ചെയ്തിരിക്കുകയാണ്. ദുരന്തനിവാരണ വിഭാഗങ്ങളെയും പൊലീസ്, സേനാവിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.തീര ജില്ലകളില്‍ റോഡ് ഗതാഗതവും നിര്‍ത്തി.
മഹാരാഷ്ട്ര, പാകിസ്ഥാന്‍ തീരങ്ങളിലെ തുറമുഖങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മഹാരാഷ്ട്രയില്‍ ഇന്നലെ മൂന്ന് പേര്‍ മരിച്ചിരുന്നു. കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നാശമുണ്ടായിട്ടുണ്ട്.മേയ് 11ന് മാലി ദ്വീപിനടുത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് വടക്കോട്ടു നീങ്ങി കേരളതീരത്തും പിന്നീട് കര്‍ണാടക,ഗോവ,മഹാരാഷ്ട്ര തീരങ്ങളിലൂടെ ഗുജറാത്തിലുമെത്തിയത്. ഇന്ന് രാജസ്ഥാന്‍ മരുഭൂമി പ്രദേശത്തുവച്ച് കാറ്റിന്റെ ശക്തികുറഞ്ഞ് അവസാനിക്കും.
ടൗക്‌തെ ഭീതിയില്‍ ഗുജറാത്ത്, വന്‍ നാശനഷ്ടം; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു



