സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഇടതു മന്ത്രിസഭയില്‍ 3 കേരള കോണ്‍ഗ്രസ് പ്രതിനിധികള്‍ ക്യാബിനറ്റ് റാങ്കിലെത്തുന്നത്. അതില്‍ രണ്ടുപേര്‍ മന്ത്രിമാരും.
രണ്ടു പാര്‍ട്ടികളില്‍ നിന്നായാണ് 3 കേരള കോണ്‍ഗ്രസുകാരുടെ വരവ്. കേരള കോണ്‍ഗ്രസ് – എമ്മില്‍നിന്ന് റോഷി അഗസ്റ്റിന്‍ മന്ത്രിയും ഡോ. എന്‍ ജയരാജ് ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പും. ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധിയായാണ് ആന്‍റണി രാജു മന്ത്രിയാകുന്നത്.
ഫ്രാന്‍സിസ് ജോര്‍ജിന്‍റെ നേതൃത്വത്തില്‍ രൂപംകൊണ്ട പാര്‍ട്ടിയില്‍ അന്ന് നാലാമനായിരുന്നു ആന്‍റണി രാജു. പിന്നീട് ഫ്രാന്‍സിസ് ജോര്‍ജ് ജോസഫ് ഗ്രൂപ്പ് വഴി യുഡിഎഫിലേക്ക് ചേക്കേറിയപ്പോള്‍ പാര്‍ട്ടി ചെയര്‍മാനായ ഡോ. കെസി ജോസഫ് എക്സ് എംഎല്‍എക്കും പിസി ജോസഫ് എക്സ് എംഎല്‍എക്കും പിന്നില്‍ മൂന്നാമനായി ആന്‍റണി.
സിപിഎം നേതൃത്വവുമായുള്ള അടുപ്പവും സാമൂഹ്യ ഇടപെടലുകളും സജീവ സാന്നിധ്യവുമാണ് ആന്‍റണി രാജുവിന് മാത്രം ഇത്തവണ സീറ്റ് നല്‍കാന്‍ കാരണമായത്. അവിടെ വിജയിച്ചതോടെ മന്ത്രിയുമായി. ആന്‍റണി രാജു പാര്‍ട്ടിയില്‍ ഒന്നുമല്ലാതിരുന്ന കാലത്ത് എംഎല്‍എമാരായവരാണ് ഡോ. കെസിയും പിസി ജോസഫുമൊക്കെ.
റോഷി അഗസ്റ്റിനും എന്‍ ജയരാജനും തുണയായത് കെഎം മാണിയോടുള്ള അചഞ്ചലമായ കൂറും വിശ്വസ്തതയും തന്നെയാണ്. മാണി സാറിന്‍റെ മരണശേഷം ജോസ് കെ മാണി പക്ഷത്തുനിന്നും കൂറുമാറി ജോസഫ് പക്ഷത്തെത്താന്‍ റോഷിക്കും ജയരാജനും വമ്ബന്‍ ഓഫറുകള്‍ നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വംകൂടി മുന്‍കൈ എടുത്തായിരുന്നു.
ഇരുവര്‍ക്കും പ്രതീക്ഷിക്കുന്നതിനപ്പുറം ഓഫറുകള്‍ ലഭിച്ചു. പക്ഷേ ഇരുവരും അന്ന് പറഞ്ഞത് മുന്നണി മാറിയതിന്‍റെ പേരില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തോറ്റാലും പിന്നീട് ഒന്നുമാകാനായില്ലെങ്കിലും മാണിസാറിന്‍റെ പാര്‍ട്ടിയെ വിട്ടുപോകില്ലെന്നായിരുന്നു.
രണ്ടുപേരും ജോസ് കെ മാണിക്കൊപ്പം ഉറച്ചുനിന്നു. ഇരുവരും വിജയിച്ചത് കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തിലുമായിരുന്നു.
ജയരാജിനുകൂടി മന്ത്രിസ്ഥാനം വാങ്ങിനല്‍കാന്‍ ജോസ് കെ മാണി അവസാന നിമിഷം വരെ ശ്രമിച്ചത് ആപത്തുകാലത്ത് ഒപ്പം നിന്നതിന്‍റെ കടപ്പാട് തിരികെ നല്‍കാനായിരുന്നു. പക്ഷേ അതൊരു ക്യാബിനറ്റ് റാങ്കില്‍ ഒതുങ്ങി.
ഇവര്‍ക്കൊപ്പം കേരള കോണ്‍ഗ്രസ് – ബി നേതാവ് കെബി ഗണേഷ് കുമാര്‍ കൂടി ഭാഗ്യം തുണച്ചാല്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിയാകും. പക്ഷേ നിലവിലെ ധാരണ പ്രകാരമാണെങ്കില്‍ അന്ന് ആന്‍റണി രാജുവിന് മന്ത്രിപദം ഒഴിയേണ്ടിയും വരും.
അങ്ങനെ വന്നാല്‍ കേരള കോണ്‍ഗ്രസിലെ നാലാമനും ഈ സര്‍ക്കാരില്‍ ക്യാബിനറ്റ് റാങ്കില്‍ വരുമെങ്കിലും അപ്പോഴും എണ്ണം മൂന്നില്‍ ഒതുങ്ങും.
കേരള കോണ്‍ഗ്രസ് – എമ്മിന് കോട്ടയത്ത് മന്ത്രിയില്ലാതെ മന്ത്രിസ്ഥാനം ജില്ല വിട്ട് പോകുന്നതും ഇതാദ്യമാണ്. ജോസ് കെ മാണിയുടെ തോല്‍വിയോടെ പാലായ്ക്ക് ലഭിക്കേണ്ട മന്ത്രിസ്ഥാനവും വമ്ബന്‍ വികസന പദ്ധതികളുമാണ് ഇത്തവണ നഷ്ടമാകുന്നത്.
ഇടതു മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസുകള്‍ക്ക് 3 ക്യാബിനറ്റ് പദവികള്‍ ലഭിക്കുന്നത് ചരിത്രത്തിലാദ്യമായി



