21 മന്ത്രിമാരായിരിക്കും രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉണ്ടാകുകയെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍. മമന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച്‌ തീരുമാനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സി.പി.എമ്മിന് 12 അംഗങ്ങളും സി.പി.ഐക്ക് നാലും കേരളാ കോണ്‍ഗ്രസിനും ജെ.ഡി.എസിനും എന്‍.സി.പിക്കും ഒരോ മന്ത്രിസ്ഥാനങ്ങളും നല്‍കും. ജനാധിപത്യ കേരളാ കോണ്‍ഗ്രസിനും ഐ.എന്‍.എല്ലിനും ആദ്യ ഊഴത്തില്‍ മന്ത്രി സ്ഥാനം കിട്ടും. രണ്ടാം ഊഴത്തില്‍ കേരളാ കോണ്‍ഗ്രസ് ബിയും കോണ്‍ഗ്രസ് എസും രണ്ടാം ഊഴത്തില്‍ മന്ത്രിസ്ഥാനത്തെത്തും.

സ്പീക്കര്‍ സ്ഥാനം സി.പി.എമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സി.പി.ഐക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസിനും നല്‍കുമെന്നുമാണ് യോഗത്തില്‍ ധാരണയായത്.

നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സി.പി.എം മന്ത്രിമാരുടെ പേരുകളില്‍ അന്തിമ തീരുമാനം എടുക്കും. കെ.കെ ശൈലജ ഒഴികെ പുതുമുഖങ്ങളാണ് സി.പിഎമ്മില്‍ മന്ത്രിമാരാകുന്നത് എന്നതുപോലെ സി.പി.ഐയിലും പുതുമുഖങ്ങളായിരിക്കും മന്ത്രിമാരാകുക.

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളെക്കുറച്ചായിരിക്കും സത്യപ്രതിജ്ഞയെന്ന എ. വിജയരാഘവന്‍ പറഞ്ഞു.