നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയതോല്‍വിക്ക് പിന്നാലെ കേരള ബി ജെ പിയില്‍ നേതൃമാറ്റമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. 14 ജില്ലകളിലും ഓണ്‍ലൈനായി നടന്ന തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ വി മുരളീധരനും കെ സുരേന്ദ്രനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണുയര്‍ന്നത്.
35 സീറ്റ് ലഭിച്ചാല്‍ കേരളം ഭരിക്കുമെന്ന കെ.സുരേന്ദ്രന്‍്റെ ധാര്‍ഷ്‌ട്യത്തോടെയുള്ള പ്രഖ്യാപനവും ഉത്തരേന്ത്യന്‍ മോഡല്‍ കുതിരക്കച്ചവടം നടത്തുമെന്ന വെല്ലുവിളിയും നിഷ്പക്ഷ വോട്ടര്‍മാരെ ബിജെപിക്കെതിരാക്കിയെന്നാണ് വിമര്‍ശനം.
കോന്നിയില്‍ 2019 ലെ ഉപതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴായിരത്തോളം വോട്ടുകള്‍ കുറഞ്ഞ് മൂന്നാം സ്ഥാനത്തേക്ക് പോയതും ഇതിന്റെ ഉദാഹരണമായി ഒരു വിഭാഗം നേതാക്കള്‍ ചുണ്ടിക്കാട്ടുന്നു. ഗ്രൂപ്പുകാര്‍ക്ക് മാത്രമായി സ്ഥാനാര്‍ഥിത്വം പങ്കുവച്ചത് പ്രവര്‍ത്തകരില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ ശക്തമായ വികാരം രൂപപ്പെടാന്‍ ഇടയാക്കിയതായി ജില്ലാതല അവലോകന യോഗങ്ങള്‍ വിലയിരുത്തി.
വി.മുരളീധരന്‍ സ്മിതാമേനോന് അമിത പ്രാധാന്യം നല്‍കിയത് മഹിളാ നേതാക്കളിലും സ്ത്രീ വോട്ടര്‍മാരിലും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി.ബിജെപിയുടെ ഇരുപതിനായിരത്തോളം ബൂത്തുകളില്‍, 1500 ല്‍ താഴെ ബൂത്തുകളില്‍ മാത്രമേ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടന്നുള്ളൂ. അച്ചടിച്ച അഭ്യര്‍ഥനകളുടെ നാലിലൊന്ന് പോലും വീടുകളിലെത്തിച്ചില്ല.
വി മുരളീധരനും കെ സുരേന്ദ്രനും നേതൃത്വത്തില്‍ നിന്ന് മാറാതെ കേരളത്തിലെ നിര്‍ജീവാവസ്ഥ മാറ്റിയെടുക്കാന്‍ കഴിയില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. ഓണ്‍ലൈന്‍ അവലോകന യോഗങ്ങളില്‍നിന്ന് പൂര്‍ണമായി വിട്ടു നിന്ന കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ നേതൃമാറ്റത്തിനായി കേന്ദ്ര നേതൃത്വത്തെ സമീപിക്കുമെന്നാണ് സൂചന.



