തിരുവനന്തപുരം: ഈമാസം 20ാം തീയ്യതി സ്ഥാനമേല്‍ക്കാന്‍ പോകുന്ന പിണറായി മന്ത്രിസഭയില്‍ ആരൊക്കെ മന്ത്രിമാരാകും? മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ഇതുവരെ മുനസ്സു തുറന്നിട്ടില്ല. അതുകൊണ്ട് തന്നെ സിപിഎമ്മില്‍ നിന്നും ആരൊക്കെ മന്ത്രിമാരാകും എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. അതേസമയം സിപിഐയുടെ കാര്യത്തില്‍ അടക്കം ഏകദേശ ധാരണകള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം ആര്‍ക്കൊക്കെ മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കുമെന്നത് സംബന്ധിച്ചുള്ള തീരുമാനം ഇന്ന് വ്യക്തമാകും. 10 ഘടക കക്ഷികളുമായും സിപിഎം ഇന്നു ചര്‍ച്ച നടത്തുന്നുണ്ട്. നാളെ എല്‍ഡിഎഫ് നേതൃയോഗം ഔപചാരിക തീരുമാനമെടുക്കുന്നതോടെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങളിലേക്ക് കടക്കും.
സിപിഎം 12 മന്ത്രിസ്ഥാനം വഹിക്കുമ്ബോള്‍ സിപിഐക്ക് നാല് മന്ത്രിസ്ഥാനങ്ങളാണ് നല്‍കുക. അതേസമയം ജനതാദള്‍ എസിന് ഒരു മന്ത്രിസ്ഥാനവും എസ്‌പിപിക്ക് ഒരു മന്ത്രിസ്ഥാനവും നല്‍കുക എന്നതാണ് നിലവിലുള്ള ധാരണ. ഇതിന് പുറമേ ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം എന്നതിനാണ് അവ്യക്തത നിലനില്‍ക്ുകന്നത്. കേരള കോണ്‍ഗ്രസ് (എം) , ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ബി), ഐഎന്‍എല്‍, ലോക് താന്ത്രിക് ജനതാദള്‍ (എല്‍ജെഡി), കോണ്‍ഗ്രസ് (എസ്) എന്നിവയുടെ കാര്യത്തിലാണ് അന്തിമ തീരുമാനമാകാത്തത്. കേരളാ കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടങ്കിലും ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇതോടെ ചീഫ് വിപ്പ് പദവിയിലാണ് ജോസ് കെ മാണിയുടെ നോട്ടും.
1996 ലെ നായനാര്‍ മന്ത്രിസഭയില്‍ 6 എംഎല്‍എമാരുണ്ടായിരുന്ന പി.ജെ.ജോസഫ് വിഭാഗത്തിനും 5 എംഎല്‍എമാരുണ്ടായിരുന്ന ആര്‍എസ്‌പിക്കും ഒരു മന്ത്രി വീതമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് രണ്ട് മന്ത്രിസ്ഥാനം തല്‍ക്കാലം പ്രതീക്ഷിക്കേണ്ടെന്നാണ് സിപിഎമ്മിന്റെ വാദം. അതേസമയം ജനതാദളും എല്‍ജെഡിയും ലയിക്കണമെന്ന നിര്‍ദ്ദേശം നടപ്പാകാത്തതിനാല്‍ എല്‍ജെഡിക്ക് സാധ്യത മങ്ങിയിട്ടുണ്ട്.
കഴിഞ്ഞ 2 എല്‍ഡിഎഫ് മന്ത്രിസഭകളില്‍ പ്രാതിനിധ്യം ഉണ്ടായിരുന്നതിനാല്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിക്കു സാധ്യത കുറഞ്ഞിട്ടുണ്ട്. . ഈ സാഹചര്യത്തില്‍ ഒറ്റ അംഗമുള്ള പാര്‍ട്ടികളില്‍ ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കെ.ബി.ഗണേശ്‌കുമാര്‍ (കേരളകോണ്‍ഗ്രസ്ബി) എന്നിവരെ പരിഗണിക്കുമെന്നാണു സൂചന. ആന്റണി രാജുവിനൊപ്പം മന്ത്രിസ്ഥാനം ഷെയര്‍ ചെയ്യാമോ എന്ന കാര്യത്തിലും തീരുമാനം ഇന്നുണ്ടാകും. വകുപ്പു വിഭജനം സംബന്ധിച്ച ചര്‍ച്ചകളും സമാന്തരമായി നടക്കും. സിപിഎം സിപിഐ ചര്‍ച്ചയും ഇന്നു നിശ്ചയിച്ചിട്ടുണ്ട്.
അതേസമയം സിപിഐയില്‍ ആരൊക്കെ മന്ത്രിമാരാകും എന്നത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ പോരു നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. പി പ്രസാദും കെ രാജനും മന്ത്രിമാരാകുമെന്ന കാര്യം ഉറപ്പാണ്. അതേസമയം ജില്ലാ ഘടകങ്ങളുടെ സമ്മര്‍ദ്ദനും ഗ്രൂപ്പുകളിയുമെല്ലാം മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ നിര്‍ണായക ഘടകമായി മാറും. അവശേഷിക്കുന്ന രണ്ട് മന്ത്രിമാരുടെ കാര്യത്തിലും ഡെപ്യൂട്ടി സ്പീക്കറുടെ കാര്യത്തിലുമാണ് കൂടുതല്‍ വ്യക്തത വരേണ്ടത്.
17 എംഎല്‍എമാരില്‍ ചിറ്റയം ഗോപകുമാര്‍, സി.കെ.ആശ, വി.ശശി എന്നിവര്‍ പട്ടികജാതി വിഭാഗത്തിലുള്ളവരാണ് ഇവരില്‍ ഒരാളെ മന്ത്രിയാക്കണമെന്ന നിര്‍ദ്ദേശവും പരിഗണനയിലുണ്ട്. അതേസമയം കൊല്ലത്തു നിന്നു ജയിച്ച 3 എംഎല്‍എമാരും മന്ത്രിപദ മോഹത്തിലാണ്. സംസ്ഥാന നിര്‍വാഹക സമിതിയും ദേശീയ കൗണ്‍സിലിലും അംഗമായ ജെ ചിഞ്ചുറാണിക്ക് മന്ത്രിസ്ഥാനത്ത് സാധ്യതയുണ്ട്. അതേസമയം മൂന്നാം തവണ എംഎല്‍എ ആകുന്ന സംസ്ഥാന കൗണ്‍സില്‍ അംഗം പി.എസ്.സുപാലിന് അവസരം കൊടുക്കണമെന്നും ശക്തമായ സമ്മര്‍ദമുണ്ട്.
മൂന്ന് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ക്കു വീണ്ടും ടിക്കറ്റ് നല്‍കില്ലെന്ന വ്യവസ്ഥ പ്രകാരം സുപാലിന് ഇനി സാധ്യതയില്ലെന്നും വാദമുണ്ട്. സീനിയര്‍ എംഎല്‍എ ആയ സി.എസ്.ജയലാലിനു വേണ്ടിയും ഇതേ വാദം ഉയരുന്നുണ്ട്. അതേസമയം മത്സരിച്ച 2 സീറ്റിലും ജയിച്ച തിരുവനന്തപുരത്തിന് മന്ത്രിസഭയില്‍ അര്‍ഹത നല്‍കണമെന്ന വാദവും ശക്തമാണ്. ഡപ്യൂട്ടി സ്പീക്കര്‍ വി.ശശിയും തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി.ആര്‍.അനിലും ആണ് ജില്ലയില്‍ നിന്നു ജയിച്ചത്.
നിലവിലെ മന്ത്രി ഇ.ചന്ദ്രശേഖരനെ വീണ്ടും പരിഗണിക്കാനിടയില്ലാതിരിക്കെ ഡപ്യൂട്ടി സ്പീക്കര്‍ ശശിക്ക് രണ്ടാം ടേമില്‍ മന്ത്രിസ്ഥാനം നല്‍കാന്‍ സാധ്യത കുറവാണ്. മുതിര്‍ന്ന എംഎല്‍എയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ഇ.കെ.വിജയനാണ് (നാദാപുരം) സാധ്യതാ പട്ടികയിലുള്ള മറ്റൊരു അംഗം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടായിരിക്കും നിര്‍ണായകം. 18ലെ സംസ്ഥാന നിര്‍വാഹക സമിതിയില്‍ കാനം വയ്ക്കുന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആ യോഗവും തുടര്‍ന്ന് ഓണ്‍ലൈനായി ചേരുന്ന സംസ്ഥാന കൗണ്‍സിലും മന്ത്രിമാരെ നിശ്ചയിക്കും.
അതേസമയം സിപിഎമ്മില്‍ നിന്നും ആരൊക്കെ മന്ത്രിമാരാകും എന്ന കാര്യത്തിലും ഇനിയും വ്യക്തത കൈവരാനുണ്ട്. കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ.ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണന്‍ എം.എം.മണി തുടങ്ങിയവര്‍ തുടരാനാണ് സാധ്യത. എ.സി.മൊയ്തീനും ഒരവസരം കൂടി ലഭിച്ചേക്കും. കേന്ദ്ര കമ്മിറ്റി അംഗമായ എം വിഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ എന്നിവര്‍ പുതുതായി മന്ത്രിസഭയിലെത്തുന്നവരുടെ സാധ്യതാ പട്ടികയിലുണ്ട്. ഇതില്‍ മാറ്റം വരാനിടയില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. വി.ശിവന്‍കുട്ടി, വി.എന്‍.വാസവന്‍, എം.ബി.രാജേഷ്, വീണാ ജോര്‍ജ്, ചിത്തരഞ്ജന്‍, വി.അബ്ദുറഹിമാന്‍ എന്നിവരില്‍ ആര്‍ക്കൊക്കെ നറുക്കു വീഴും എന്നാണ് അറിയേണ്ടത്.



