കോവിഡ് വാക്സീനു വേണ്ടി സംസ്ഥാനങ്ങൾ നെട്ടോട്ടമോടുമ്പോൾ, വാക്സീന്റെ കാര്യത്തിലെ മന്ദത വൈകാതെ മാറുമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ വർഷാവസാനത്തോടെ ഇന്ത്യയ്ക്ക് 216 കോടി വാക്സീൻ ഡോസ് ലഭിക്കുമെന്നാണ് കേന്ദ്രം പങ്കുവയ്ക്കുന്ന പ്രതീക്ഷ. ഇന്ത്യൻ ജനസംഖ്യയുടെ സിംഹഭാഗത്തെയും കുത്തിവയ്ക്കാൻ ഇതു മതിയാകും.

എന്നാൽ, നേരത്തെ പറഞ്ഞതും ഇപ്പോൾ അനുഭവിക്കുന്നതുമായ കാര്യങ്ങൾ വച്ചു നോക്കിയാൽ യാഥാർഥ്യത്തിൽ നിന്നകലെയാണ് ഈ പ്രഖ്യാപനം. വിശേഷിച്ചും വിദേശരാജ്യങ്ങളിൽനിന്നു നേരിട്ടു വാക്സീൻ വാങ്ങാനുള്ള ആലോചനകളിലേക്കുപോലും പല സംസ്ഥാനങ്ങൾക്കും കടക്കേണ്ടി വന്ന സാഹചര്യത്തിൽ.

കമ്പനികൾ ഉൽപാദിപ്പിക്കുന്ന എല്ലാ വാക്സീനുകളും ഇന്ത്യയ്ക്ക് ആഭ്യന്തര ഉപയോഗത്തിനു ലഭിക്കുമെന്നതിലും ഉറപ്പില്ല. വിദേശ കയറ്റുമതിക്കു നിയന്ത്രണം കൊണ്ടുവരുമെന്നു സർക്കാർ പറഞ്ഞേക്കാം. എന്നാൽ, കയറ്റുമതി നിരോധനം എന്ന അസംതൃപ്തിയിൽ ആഭ്യന്തര വിതരണത്തിൽനിന്നു കമ്പനികൾ ഉൾവലിയുന്നുവെന്നതാണു സമീപകാല പാഠം.

∙ കയ്യിലുള്ളത് 3 വാക്സീനുകൾ

റഷ്യയുടെ സ്പുട്നിക് അടക്കം ഇന്ത്യയിൽ അടിയന്തരാനുമതി ലഭിച്ച മൂന്നു വാക്സീനുകളുണ്ട്. കുത്തിവയ്പിന് ഉപയോഗിച്ചു തുടങ്ങിയ രണ്ടെണ്ണവും – സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന കോവിഷീൽഡും ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനും. ഭാവിയിലേക്കുള്ള കണക്കിലും ഈ രണ്ടു വാക്സീനുകളുമാണ് ഇന്ത്യയ്ക്ക് പ്രധാന പ്രതീക്ഷ നൽകുന്നത്.

ഓഗസ്റ്റ് – ഡിസംബർ കാലയളവിൽ കോവിഷീൽഡ് 75 കോടി ഡോസ് വാക്സീൻ ലഭ്യമാക്കും. ഭാരത് ബയോടെക്കിൽനിന്ന് 55 കോടി കോവാക്സിൻ ഡോസും ഈ കാലയളവിൽ കേന്ദ്രം പ്രതീക്ഷിക്കുന്നു. ഇറക്കുമതിയും ഇന്ത്യയിൽ ഉൽപാദന കരാറുള്ള 5 കമ്പനികളെയും പരിഗണിക്കുമ്പോൾ സ്പുട്നിക്കിന്റെ 15 കോടി വാക്സീനും ലഭിക്കുമെന്നു കണക്കുകൂട്ടലുണ്ട്.

ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചാൽ, ഇന്ത്യയിൽ ഈ വർഷം പ്രതിരോധ കുത്തിവയ്പിന്റെ ഭാഗമാക്കാൻ കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്ന വാക്സീനുകളും അവയുടെ ലഭ്യതയും സാധ്യതയും ഇങ്ങനെ:

∙ വരും നേസൽ വാക്സീൻ

കോവാക്സീനു പുറമേ, മൂക്കിലൂടെ തുള്ളിമരുന്നായി നൽകാൻ കഴിയുന്ന ഒറ്റ ഡോസ് വാക്സീൻ ഭാരത് ബയോടെക് കണ്ടെത്തിയിരുന്നു. മനുഷ്യരിലെ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇതിപ്പോൾ. കോവിഡ് വാക്സീൻ കുത്തിവയ്പിൽ തന്നെ വിപ്ലകരമാകുമെന്നു കരുതപ്പെടുന്ന ഒറ്റ ഡോസ് നേസൽ വാക്സീൻ ഈ വർഷം തന്നെ ഇന്ത്യയിൽ ലഭ്യമാകുമെന്നുറപ്പാണ്. അനുമതിയുടെ കാര്യത്തിൽ മാത്രമല്ല, ഡോസുകളുടെ ലഭ്യതയിലും ആരോഗ്യ മന്ത്രാലയത്തിന് വ്യക്തമായ പദ്ധതിയുണ്ട്.

ഈ വർഷാവസാനത്തോടെ 10 കോടി ഡോസ് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഫലപ്രാപ്തിയിലും കുത്തിവയ്പ് വേഗത്തിലാക്കുന്നതിലും ഇതു പ്രയോജനപ്പെടുമെന്ന് വിലയിരുത്തലുണ്ട്. അതേസമയം, വൈറസ് വകഭേദം കൂടുതൽ പ്രശ്നമായാൽ ബൂസ്റ്റർ ഡോസ് (പ്രതിരോധ ശേഷി കൂടുതൽ മെച്ചപ്പെടുത്താൻ നൽകുന്ന അധിക ഡോസ്) വേണ്ടിവരുമെന്ന ചർച്ചകളും സജീവമാണ്.

∙ ചെലവു കുറഞ്ഞത് ഒരെണ്ണം

വില സംബന്ധിച്ച വെളിപെടുത്തലുകൾക്കു കമ്പനി തയാറായിട്ടില്ലെങ്കിലും ലഭ്യമായതിൽ ഏറ്റവും ചെലവു കുറഞ്ഞ വാക്സീനുകളിൽ ഒന്നായിരിക്കും ഹൈദരാബാദിലെ ബയോളജിക്കൽ ഇ തയാറാക്കിയ വാക്സീൻ. ബേലോർ കോളജ് ഓഫ് മെഡിസിനുമായി സഹകരിച്ചു രൂപപ്പെടുത്തിയ വാക്സീന് കഴിഞ്ഞമാസം ഇന്ത്യയിൽ മൂന്നാം ഘട്ട ട്രയലിന് അനുമതി ലഭിച്ചിരുന്നു.

28 ദിവസ വ്യത്യാസത്തിൽ നൽകുന്ന 2 ഡോസ് വാക്സീന് ഓഗസ്റ്റോടെ അടിയന്തരാനുമതി ലഭിക്കുമെന്നാണ് സൂചന. കോവിഷീൽഡും കോവാക്സിനും കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലഭിക്കാനിടയുള്ള വാക്സീനാകും ഇത്. ഡിസംബറോടെ പ്രതീക്ഷിക്കുന്നത് 30 കോടി.

ഇന്ത്യയിൽ ഏറ്റവും അടുത്തു ലഭ്യമാകാൻ ഇടയുള്ള വാക്സീനുകളിലൊന്ന് സൈഡസ് കാഡിലയുടെ സൈകോവ്–ഡിയാണ്. അടുത്ത മാസം ഇതിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സീൻ ഘടനയിലും കുത്തിവയ്പിലും പോലും ഇത് മറ്റുള്ളവയിൽനിന്നു വ്യത്യസ്തമാണ്. മറ്റു വാക്സീനുകൾ പേശിയിലാണു കുത്തിവയ്ക്കുമ്പോൾ ഡിഎൻഎ അധിഷ്ഠിത സൈകോവ് ഡി വാക്സീൻ, തൊലിക്കടിയിലാണ് കുത്തിവയ്ക്കുക (ഇൻട്രഡെർമൽ).

3 ഡോസ് വാക്സീനാണെന്നത് ഒരേസമയം പ്രത്യേകതയും പരിമിതിയുമാണ്. കുത്തിവയ്പ് പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വരുമെന്നർഥം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാക്സീൻ ട്രയൽ നടത്തുന്നതും സൈകോവ്–ഡിയിലാണ് – 28,000 പേരിൽ. ഈ വർഷം 5 കോടി ഡോസ് പ്രതീക്ഷിക്കുന്ന വാക്സീന്റെ ഉൽപാദനം അനുമതി കിട്ടുംമുൻപേ തുടങ്ങി.

∙ യുഎസ് കനിഞ്ഞാൽ

സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ ഉൽപാദിപ്പിക്കാൻ തയാറെടുക്കുന്ന മറ്റൊരു വാക്സീനാണ് കോവോവാക്സ്. യുഎസ് കമ്പനിയായ നോവാവാക്സ് വികസിപ്പിച്ച വാക്സീന്റെ ഇന്ത്യയിലെ ഉൽപാദന കരാറാണ് സീറത്തിനുള്ളത്. യുഎസിൽനിന്നു അസംസ്കൃത വസ്തുക്കളുടെ വരവ് നിന്നതോടെ ഇന്ത്യയിൽ ഉൽപാദനം വൈകുന്നുവെന്ന് സീറം പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഈ വർഷാവസാനത്തോടെ 20 കോടി ഡോസാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. വിവിധ ട്രയലുകളിൽ 89% വരെ ഫലപ്രാപ്തി പറയുന്ന വാക്സീന്റെ പൂർണ ഫലപ്രാപ്തിക്ക് 2 ഡോസ് വേണം.

∙ ഫലപ്രാപ്തിയിൽ ഒന്നാമനാകാൻ

ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന വാക്സീനുകളിൽ ഏറ്റവും ഫലപ്രാപ്തി ഉണ്ടാകുമെന്നു കരുതപ്പെടുന്നത് പുണെയിലെ ജെനോവ ബയോഫാർമസ്യൂട്ടിക്കൽസ് വികസിപ്പിച്ച വാക്സീനാണ്. 90 ശതമാനത്തിനു മുകളിൽ ഫലപ്രാപ്തി പറയുന്ന ഫൈസർ, മൊഡേണ വാക്സീനുകളുടെ അതേ നിർമാണ ഘടനയാണ് ഇതിനും. മൂന്നാം ഘട്ട ട്രയൽ അനുമതി കാത്തിരിക്കുകയാണ് വാക്സീൻ. ഈ വർഷം 6 കോടി ഡോസ് ലഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നു.

∙ കഥ ഇതുവരെ

ജനുവരി ആദ്യമായിരുന്നു ഇന്ത്യയിൽ വാക്സീന് അനുമതി ലഭിച്ചത്. കുത്തിവയ്പു തുടങ്ങിയത് ജനുവരി 16നും. 5–ാം മാസത്തിലേക്കു കടക്കുമ്പോഴും കേന്ദ്ര സർക്കാരിന്റെ കയ്യിൽ ഇതുവരെ എത്തിയത് 35.6 കോടി ഡോസ് വാക്സീനുകളാണ്. ഏറ്റവും കൂടുതൽ കോവിഷീൽഡ് – 27.6 കോടി ഡോസ്. കോവാക്സീൻ 8 കോടി ഡോസും. കേന്ദ്ര ആരോഗ്യമന്ത്രാലയം നേരിട്ടു വാങ്ങിയത് 28 കോടി ഡോസ്.

പിഎം കെയർ ഫണ്ട് വഴി വാങ്ങിയത് 6.6 കോടി ഡോസ്. ലോകാരോഗ്യ സംഘടന പിന്നാക്ക രാജ്യങ്ങൾക്കായി തുടങ്ങിയ കോവാക്സ് പദ്ധതി വഴി ലഭിച്ചത് 1 കോടി ഡോസ്. സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും ഇതുവരെ ഓർഡർ നൽകിയത് 16 കോടി ഡോസാണ്. ഇതിൽ ബഹുഭൂരിപക്ഷവും ഇതുവരെ സംസ്ഥാനങ്ങളുടെ പക്കൽ എത്തിയിട്ടില്ലെന്നത് മറ്റൊരു പ്രശ്നം.