ഷിക്കാഗോ∙ 14 വയസുള്ള പെൺകുട്ടി പ്രമേഹ ചികിത്സ ലഭിക്കാതെ മരിക്കാനിടയായ സംഭവത്തിൽ അമ്മയെ 7 വർഷത്തേക്കു ശിക്ഷിച്ചു കോടതി ഉത്തരവ്. എമിലി ഹാംഷെയറിന്റെ മരണത്തിൽ ആംബർ ഹാംഷെയറിനെ (41) യാണ് ഏഴു വർഷത്തേക്കു ശിക്ഷിച്ചത്. മനപൂർവ്വമല്ലാത്ത നരഹത്യ ചുമത്തി അമ്മ കുറ്റക്കാരിയാണെന്ന് 2020 ഒക്ടോബറിൽ ജൂറി കണ്ടെത്തിയിരുന്നു. മാഡ‍ിസൺ കൗണ്ടി സ്റ്റേറ്റ് അറ്റോർണി 14 വർഷത്തെ ശിക്ഷക്കാണ് വാദിച്ചതെങ്കിലും ഏഴു വർഷത്തേക്കു ശിക്ഷ വിധിക്കുകയായിരുന്നു.

പ്രോസിക്യൂഷൻ സാക്ഷികളായ ഡിറ്റക്റ്റീവ് മൈക്കിൾ‌, ചൈൽഡ് പ്രോട്ടക്ഷൻ സർവീസ് ഇൻവെസ്റ്റിഗേറ്റർ ലിൻഡ്സി, ഡോ. ആൻഡ്രിയ പീട‍ിയാട്രൽ എൻഡോക്രീനോളജിസ്റ്റ് എന്നിവരെ കോടതി വിസ്തരിച്ചിരുന്നു. എമിലിക്ക് ടൈപ്പ് 1 പ്രമേഹമായിരുന്നു. ചികിത്സ ആവശ്യമാണെന്ന് അമ്മക്ക് അറിയാമായിരുന്നിട്ടും കുടുംബാംഗങ്ങളിൽ നിന്നും അധ്യാപകരിൽ നിന്നും ഭർത്താവിൽ നിന്നു പോലും ഇക്കാര്യം അവർ മറച്ചുവച്ചു.

എന്തുകൊണ്ട് മാതാവ് കുട്ടിയെ ചികിത്സിച്ചില്ല എന്നതിനു പ്രതിഭാഗം വക്കീൽ കാരണങ്ങൾ നിരത്തി– കുട്ടിക്ക് പ്രമേഹ രോഗമാണെന്നറിഞ്ഞതു‌ തന്റെ മുത്തശ്ശിയുടെ മരണ സമയത്തായിരുന്നുവെന്നും അത് അവരെ മാനസികമായി തളർത്തിയെന്നും അറ്റോർണി ന്യായീകരിച്ചു 2018 നവംബർ 3 ന് ശരീരത്തിന് ഇൻസുലിൽ ഉൽപ്പാദിപ്പിക്കാൻ ശേഷി നഷ്ടപ്പെട്ടതിനെ തുടർ‌ന്ന് എമിലി മരണമടയുകയായിരുന്നു.