തിരുവനന്തപുരം: തദ്ദേശ സ്ഥാപനത്തിന്റെ പരിധിയില്‍ ജീവിക്കുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരേയും കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് നിയോഗിക്കും. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ കഴിയുന്ന അദ്ധ്യാപകര്‍ അടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക തയ്യാറാക്കി തുടങ്ങി. പുതിയ ഉത്തരവ് പ്രകാരം ആര്‍ക്കും കൊറോണ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാകാനാവില്ല.

സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം 25 ശതമാനമാക്കി കുറച്ചതോടെ ഭൂരിഭാഗം ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോമാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആള്‍ ക്ഷാമം നേരിടുന്നതോടയാണ് സര്‍ക്കാര്‍ നീക്കം. തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതോ അനുബന്ധ വകുപ്പുകളിലുള്ളതോ ആയ ജീവനക്കാരെയാണ് ആദ്യം പരിഗണിക്കുക.

ലോക്ഡൗണിനെ തുടര്‍ന്ന് അന്തര്‍ജില്ലാ യാത്ര തടസ്സപ്പെട്ടതോടെ ജോലിയിലെത്താന്‍ പല സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കഴിയുന്നില്ല. ഇവര്‍ അതാത് കളക്ടര്‍മാരുടെ കീഴില്‍ കൊറോണ ജോലിയ്ക്കായി നിയോഗിക്കപ്പെടും. എല്ലാതലത്തിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സഹായം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.