ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് കഴിഞ്ഞ ഏഴ് വര്‍ഷമായി ഡല്‍ഹിയില്‍ ഒരു ആശുപത്രി പോലും പുതുതായി ആരംഭിക്കാന്‍ കഴിഞ്ഞില്ലെന്ന് ബിജെപി. അധികാരത്തിലേറുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ 30,000 പുതിയ ആശുപത്രി കിടക്കകള്‍ ഒരുക്കുമെന്ന് വാഗ്ദാനം നല്‍കിയ ആളാണ് കെജ് രിവാളെന്നും സാംപിത് പത്ര ചൂണ്ടിക്കാട്ടി.

അതേസമയം പരസ്യങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ 800 കോടിയിലധികം രൂപയാണ് ചെലവഴിച്ചതെന്നും ബിജെപി വക്താവ് സാംപിത് പത്ര ചൂണ്ടിക്കാട്ടി. ഡല്‍ഹി സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ നടപടികളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടവേയാണ് സാംപിത് പത്ര ഇക്കാര്യം വ്യക്തമാക്കിയത്. പരസ്യങ്ങള്‍ക്ക് വേണ്ടി 2015 മുതല്‍ കെജ് രിവാള്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 804.93 കോടി രൂപയാണ്.

കേന്ദ്രസര്‍ക്കാര്‍ ഓക്‌സിജന്‍ വിതരണത്തില്‍ വിവേചനം കാണിച്ചുവെന്ന് എന്തുകൊണ്ടാണ് ഡല്‍ഹി സര്‍ക്കാര്‍ ആരോപിക്കുന്നതെന്ന് മനസിലാകുന്നില്ല. ഓക്‌സിജന്‍ ലഭ്യമല്ലാതെ ഏതെങ്കിലും രോഗി ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ അത് മനുഷ്യത്വത്തിന് നിരക്കാത്തതാണ്. അതില്‍ രാഷ്ട്രീയമില്ലെന്ന് സാംപിത് പത്ര പറഞ്ഞു.

മഹാരാഷ്ട്ര ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓക്‌സിജന്‍ വിതരണം ചെയ്യുമ്ബോള്‍ ഡല്‍ഹിയോട് മറ്റൊരു സമീപനം സ്വീകരിക്കുന്നതായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും സാംപിത് പത്ര പറഞ്ഞു.

ഡല്‍ഹിയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി നടപടികളാണ് സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ദിവസം വരെയുളള കണക്ക് പ്രകാരം 1679 ടണ്‍ ഓക്സിജനാണ് ഡല്‍ഹിക്ക് റെയില്‍വേയുടെ ഓക്‌സിജന്‍ എക്സ്പ്രസിലൂടെ മാത്രം എത്തിച്ചു നല്‍കിയത്. അതേസമയം ഡല്‍ഹിയില്‍ നടത്തിയ വ്യാപക പരിശോധനയില്‍ ആം ആദ്മി എംഎല്‍എ അടക്കമുള്ളവര്‍ കരിഞ്ചന്തയില്‍ ഓക്സിജന്‍ വില്‍ക്കുന്നതായി കണ്ടെത്തിയിരുന്നു.