ഹൂസ്റ്റണ്‍: ആശ്വാസം നല്കുന്ന ഒരു വാര്‍ത്തയാണ് ഹൂസ്റ്റണിലെ മെതഡിസ്റ്റ് ഹോസ്പിറ്റലില്‍ നിന്നും ലഭിക്കുന്നത്. കോവിഡ്-19 രോഗികളില്‍ ഡോക്ടര്‍മാര്‍ നടത്തിയ പുതിയ മരുന്നിന്റെ പരീക്ഷണം വിജയകരമെന്ന് മെതഡിസ്റ് ഹോസ്പിറ്റലിന്റെ ഒൗദ്യോഗിക സ്ഥിരീകരണം.
മൂന്നു ദിവസത്തെ ചികിത്സയ്ക്കുശേഷം വെന്റിലേറ്ററുകളിലും മറ്റുമുള്ളവര്‍ സുഖം പ്രാപിച്ചു വരുന്നു എന്നുമുള്ള വാര്‍ത്ത ആശ്വാസം നല്‍കുന്നതാണ്. അടിയന്തര ചികിത്സക്കായി എഫ്ഡിഎ അംഗികരിച്ച ആര്‍എല്‍എഫ് -100 (അവിപ്റ്റാഡില്‍) എന്ന മരുന്നാണ് ഡോക്ടര്‍മാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയിരുന്നത്. സാര്‍സ് കൊറോണ വൈറസിന്റെ തനിപ്പകര്‍പ്പ് മനുഷ്യന്റെ ശ്വാസകോശകോശങ്ങളിലും മോണോസൈറ്റുകളിലും വരുന്നത് അവിപ്റ്റാഡില്‍ എന്ന ഈ മരുന്ന് തടയാനാകുന്നതായി അവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
ഇരട്ട ശ്വാസകോശ ട്രാന്‍സ്പ്ലാന്റ് പരാജയപ്പെട്ട 54 കാരനായ ഒരാള്‍ ചികിത്സയിലായിരിക്കെ കോവിഡ് -19 പിടിപെട്ടു വെന്റിലേറ്ററിലായി, നാലു ദിവസത്തിനുള്ളില്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ കഴിഞ്ഞുവെന്നും 15 ലധികം രോഗികളില്‍ സമാനമായ ഫലങ്ങള്‍ കണ്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂമോണിറ്റിസ് വേഗത്തില്‍ മാറ്റുന്നതായും ശരീരത്തില്‍ മെച്ചപ്പെട്ട ഓക്സിജന്‍ എത്തിക്കുന്നതിലും ഈ മരുന്ന് ഫലപ്രദമെന്നും പറയപ്പെടുന്നു.
കോവിഡ്-19 രോഗികളില്‍ മറ്റേതൊരു ആന്റിവൈറല്‍ ഏജന്റും നല്‍കാത്ത തരത്തില്‍ ആര്‍എല്‍എഫ് -100 (അവിപ്റ്റാഡില്‍) രോഗശമനം നല്കുന്നു എന്ന് ന്യൂറോ ആര്‍എക്സ് സിഇഒയും ചെയര്‍മാനുമായ പ്രൊഫ. ജോനാഥന് ജാവിറ്റ് പറഞ്ഞു. കൂടുതല്‍ പരീക്ഷണങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് ഈ മാസാവസാനത്തോടെ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ട്: അജു വാരിക്കാട്



