ആഴ്ചയിൽ എഴുപത് മണിക്കൂർ ജോലി എന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി അടുത്തിടെ പറഞ്ഞത് വലിയ വിവാദങ്ങൾക്ക് വലിയ വഴിവെച്ചിരുന്നു. വർക്ക്-ലൈഫ് ബാലൻസ് എന്ന സങ്കൽപത്തിൽ തനിക്ക് വിശ്വാസമില്ലെന്നുകൂടെ പറഞ്ഞതോടെ സാമൂഹികമാധ്യമങ്ങളിൽ ചർച്ചകൾക്ക് ചൂടേറി. ഇപ്പോഴിതാ, അതിനപ്പുറം വരുന്ന ഒരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് എൽ.ആൻഡ് ടി. ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യൻ.
ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്നാണ് സുബ്രഹ്മണ്യന്റെ അഭിപ്രായം. ആവശ്യമെങ്കിൽ ഞായറാഴ്ചയുള്ള അവധി ഉപേക്ഷിക്കണമെന്നും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ചെയർമാൻ പറയുന്നത് കേൾക്കാം. ‘ഞായറാഴ്ചകളിൽ നിങ്ങളെ ജോലി ചെയ്യിക്കാൻ സാധിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു. അതിന് സാധിച്ചാൽ ഞാൻ കൂടുതൽ സന്തോഷിക്കും. കാരണം, ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നുണ്ട്. വീട്ടിലിരുന്ന് നിങ്ങൾ എന്താണ് ചെയ്യുന്നത്. എത്രനേരം നിങ്ങൾ നിങ്ങളുടെ ഭാര്യയെ നോക്കിനിൽക്കും. ഓഫീസിൽ വന്ന് ജോലി ആരംഭിക്കൂ’, അദ്ദേഹം പറയുന്നു.
തന്റെ അഭിപ്രായങ്ങൾക്ക് പിന്തുണ ലഭിക്കുന്നതിനായി അടുത്തിടെ ഒരു ചൈനീസ് സ്വദേശിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചും സുബ്രഹ്മണ്യൻ പറഞ്ഞു. ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യുന്ന ചൈനക്കാർ ആഴ്ചയിൽ 50 മണിക്കൂർ മാത്രം ജോലി ചെയ്യുന്ന അമേരിക്കക്കാരെ മറികടക്കുമെന്നാണ് ആ വ്യക്തി പറയുന്നത്. അപ്പോൾ അതാണ് കാര്യം. ലോകത്തിന്റെ നെറുകയിലെത്തണമെങ്കിൽ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്നും സുബ്രഹ്മണ്യൻ വ്യക്തമാക്കി.



