മിഡിൽ ഈസ്റ്റിൽ യുദ്ധം കടുക്കുന്നതിനിടെ അമേരിക്കയ്ക്കെതിരെ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി. ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുള്ള യുഎസ് ലോബി, സെപ്റ്റംബർ 11-ന് സമാനമായ മറ്റൊരു ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതായി അദ്ദേഹം ആരോപിച്ചു. ഇത്തരം ഒരു ആക്രമണം നടത്തി അതിന്റെ കുറ്റം ഇറാന്റെ മേൽ കെട്ടിവെക്കാനാണ് ഗൂഢാലോചന നടന്നതെന്ന് ലാരിജാനി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
“എപ്സ്റ്റീന്റെ നെറ്റ്‌വർക്കിലെ അവശേഷിക്കുന്ന അംഗങ്ങൾ 9/11 മാതൃകയിലുള്ള ഒരു സംഭവം സൃഷ്ടിക്കാനും അതിന് ഇറാനെ കുറ്റപ്പെടുത്താനും ഗൂഢാലോചന നടത്തുന്നതായി ഞാൻ കേട്ടു,” ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി കൂടിയായ ലാരിജാനി വ്യക്തമാക്കി. പാശ്ചാത്യ രാഷ്ട്രീയ-ബിസിനസ് രംഗത്തെ പ്രമുഖരുമായി എപ്സ്റ്റീനുള്ള ബന്ധം ഇറാൻ നേരത്തെയും ചർച്ചയാക്കിയിട്ടുണ്ട്. നിലവിലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എപ്സ്റ്റീനും ഒപ്പമുള്ള ചിത്രങ്ങൾ മുൻനിർത്തിയാണ് ഇറാൻ ഈ ആരോപണങ്ങൾ ഉന്നയിക്കുന്നത്.
ഭീകരവാദ പദ്ധതികളെ ഇറാൻ അടിസ്ഥാനപരമായി എതിർക്കുന്നുവെന്നും അമേരിക്കൻ ജനതയെ ശത്രുക്കളായി കാണുന്നില്ലെന്നും ലാരിജാനി കൂട്ടിച്ചേർത്തു. ഇത്തരം ക്രിമിനൽ പദ്ധതികളോട് ഇറാൻ സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇസ്രായേലും ഇറാൻ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ആക്രമണം തുടരുകയും, തിരിച്ചടിയായി ഇറാൻ ഇറാഖിലെയും കുവൈറ്റിലെയും യുഎസ് താവളങ്ങളിലേക്ക് മിസൈൽ വർഷം നടത്തുകയും ചെയ്യുന്ന അതീവ സങ്കീർണ്ണമായ സാഹചര്യത്തിലാണ് ഈ പുതിയ വെളിപ്പെടുത്തൽ.
ആധുനിക ചരിത്രത്തിലെ ഏറ്റവും ഭീകരമായ അക്രമങ്ങളിലൊന്നായിരുന്നു 2001 സെപ്റ്റംബർ 11-ന് അമേരിക്കയിൽ നടന്നത്. അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട 19 ഭീകരർ നാല് യാത്രാ വിമാനങ്ങൾ തട്ടിയെടുത്ത് നടത്തിയ ആക്രമണത്തിൽ ഏകദേശം 3,000 പേർക്കാണ് ജീവൻ നഷ്ടമായത്. ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ഇരട്ട ഗോപുരങ്ങളും പെന്റഗണും ഈ ആക്രമണത്തിൽ തകർക്കപ്പെട്ടിരുന്നു. ഇതിന് സമാനമായ ഒരു നാടകം വീണ്ടും കളിക്കാനാണ് യുഎസ് ലോബി ശ്രമിക്കുന്നതെന്നാണ് ഇറാന്റെ വാദം.



