മദ്യനയ കേസുമായി ബന്ധപ്പെട്ട് സിബിഐ ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മുഴുവന്‍ കേസും കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് 9 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ ഏജന്‍സി തന്നോട് 56 ചോദ്യങ്ങള്‍ ചോദിച്ചതായും എല്ലാത്തിനും ഉത്തരം നല്‍കിയതായും അദ്ദേഹംപറഞ്ഞു.

‘സി.ബി.ഐ 9.5 മണിക്കൂര്‍ ചോദ്യം ചെയ്തു. എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം നല്‍കി. മുഴുവന്‍ മദ്യ അഴിമതികേസും കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമാണ്. ആം ആദ്മി പാര്‍ട്ടി സത്യസന്ധരുടെ പാര്‍ട്ടി ആണ്. അവര്‍ക്ക് ആം ആദ്മി പാര്‍ട്ടിയെ അവസാനിപ്പിക്കണം. പക്ഷേ രാജ്യത്തെ ജനങ്ങള്‍ ഞങ്ങളോടൊപ്പമുണ്ട്.’ കെജ്‌രിവാള്‍ പറഞ്ഞു. സിബിഐ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നതിന്റെ സൂചനകളൊന്നും നല്‍കിയിട്ടില്ലെന്നും എഎപി മേധാവിയും പറഞ്ഞു.

കെജ്‌രിവാളിന് സിബിഐ സമന്‍സ് അയച്ചതിനെതിരെ എഎപി പലയിടത്തും പ്രതിഷേധം നടത്തുകയും രാഘവ് ഛദ്ദ, അതിഷി എന്നിവരുള്‍പ്പെടെ നിരവധി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കെജ്‌രിവാള്‍ സിബിഐ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ നജഫ്ഗഡ് പോലീസ് സ്റ്റേഷനില്‍ നിന്ന് നേതാക്കളെയും വിട്ടയച്ചു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ചോദ്യം ചെയ്യലിനായി സിബിഐ കെജ്‌രിവാളിന് സമന്‍സയച്ചത്. ഫെബ്രുവരി 26 ന് കെജ്‌രിവാള്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സാക്ഷിയായി ഹാജരാകണമെന്നാണ് ഏജന്‍സി ആവശ്യപ്പെട്ടത്.