അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു പകര്‍ച്ചവ്യാധി ഉണ്ടാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. മഹാമാരി ഉണ്ടാകാനുള്ള സാദ്യത 10 മുതല്‍ 15 ശതമാനം വരെയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഒരു സ്വാഭാവിക പകര്‍ച്ചവ്യാധി ഉണ്ടാകാനുള്ള സാധ്യത 10 നും 15 ശതമാനത്തിനും ഇടയിലാണ്. കഴിഞ്ഞ തവണത്തേക്കാള്‍ നമ്മള്‍ അതിനായി കൂടുതല്‍ തയ്യാറാണെന്ന് കരുതുന്നത് നന്നായിരിക്കും. പക്ഷേ ഇതുവരെ നമ്മള്‍ അങ്ങനെ ചെയ്തിട്ടില്ല.’ – ബില്‍ ഗേറ്റ്സ് പറഞ്ഞു.

‘മറ്റൊരു മഹാമാരിയെ നേരിടാന്‍ നമ്മള്‍ തയ്യാറെടുപ്പ് നടത്തിയിട്ടില്ല’- ആഗോള തയ്യാറെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗേറ്റ്സ് സംശയമില്ലാതെ പറഞ്ഞു. ലോകമെമ്പാടുമുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള നിലവിലുള്ള ആശങ്കകളില്‍ നിന്നും കോവിഡ് മഹാമാരിയില്‍ നിന്ന് പഠിച്ച പാഠങ്ങളില്‍ നിന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.