തങ്ങളുടെ ഇടയിലേക്ക് ക്രൈസ്തവ വിശ്വാസം കടന്നുവന്നതിന്റെ നാനൂറാം വർഷം ആചരിക്കുകയാണ് തായ്‌വാനിലെ ഏറ്റവും പഴക്കം ചെന്ന നഗരമായ ടൈനാനിലെ വിശ്വാസികൾ. പതിനാറാം നൂറ്റാണ്ടിൽ യൂറോപ്യന്മാരുടെ വരവോടെയാണ് ദ്വീപിൽ കത്തോലിക്കാ വിശ്വാസത്തിന്റെ വിത്തുകൾ പാകപ്പെട്ടത്.

വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന സുവിശേഷപരിപാടികൾക്ക് രൂപം നൽകിയിരിക്കുകയാണ് ടൈനാൻ രൂപത. ഏപ്രിൽ ആറിന് അൻപിങ്ങിലെ ഫോർമോസ ഹോട്ടലിന്റെ ഇന്റർനാഷണൽ ഹാളിൽ നടന്ന പരിശുദ്ധ കുർബാനയിൽ ഫ്രാൻസിസ്‌കൻ ബിഷപ്പ് ജോൺ ബാപ്റ്റിസ്റ്റ് ഹുവാങ് മിൻ-ചെങ് ആഘോഷപരിപാടികൾ ഉദ്‌ഘാടനം ചെയ്തു.

1517-ൽ ആദ്യമായി തായ്‌വാനിലെത്തിയ യൂറോപ്യന്മാരായ പോർച്ചുഗീസ് നാവികരായിരുന്നു ഈ ദ്വീപിൽ ക്രിസ്തീയവിശ്വാസത്തിന്റെ അടിത്തറ പാകിയത്. പിന്നീട് 1622-ൽ ഡച്ചുകാർ തായ്‌വാൻ കടലിടുക്കിലെ പെൻഗുവിൽ വന്നിറങ്ങി. ചൈനീസ് അധികാരികൾ അവരെ ആളൊഴിഞ്ഞ ഒരു ദ്വീപിൽ കൊണ്ടെത്തിച്ചു. 1624-ൽ, അവർ ഇന്നത്തെ ടൈനാൻ പ്രദേശത്ത് ഒരു കോട്ട പണിതു. അടുത്ത നാലു പതിറ്റാണ്ടുകളായി അത് അവരുടെ വ്യാപാരതാവളമാക്കി. അങ്ങനെ തായ്‌വാനിലെ ആദ്യത്തെ നഗരം പിറന്നു. ഇതിനെ ചുറ്റിപ്പറ്റിത്തന്നെ കത്തോലിക്കാ വിശ്വാസവും അവരുടെ ഇടയിൽ പതിയെ വളർന്നുവന്നു.

കൊളോണിയൽ കാലഘട്ടത്തിലും 19-ആം നൂറ്റാണ്ടിന്റെ അവസാനം വരെയും ക്വിംഗ് രാജവംശത്തിന്റെ ഭരണത്തിൻകീഴിലും തായ്‌വാന്റെ രാഷ്ട്രീയ – സാംസ്കാരിക തലസ്ഥാനമായിരുന്നു ടൈനാൻ. 1961-ൽ സ്ഥാപിതമായ ടൈനാൻ രൂപത, ടൈനാൻ സിറ്റി, ടൈനാൻ കൗണ്ടി, പെൻഗു കൗണ്ടി എന്നിവ ഉൾക്കൊള്ളുന്നു. ചർച്ച് ഡയറക്ടറി അനുസരിച്ച്, രൂപതയുടെ 47 ഇടവകകളിലും സ്റ്റേഷനുകളിലുമായി ടൈനാൻ രൂപതയിൽ ഏകദേശം 8,300 കത്തോലിക്കരുണ്ട്. 3,00,000 കത്തോലിക്കരുള്ള ഒരു അതിരൂപത, ആറ് രൂപതകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് തായ്‌വാനിലെ കത്തോലിക്കാ സഭ.