ന്യൂഡൽഹി: രാജ്യത്തെ ശാസ്ത്രസമൂഹത്തിന്റെ വാർഷികസ മ്മേളനമായ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് കേന്ദ്രസഹായധനം ലഭിക്കാത്തതിനെത്തുടർന്ന് മുടങ്ങി. എല്ലാവർഷവും ജനുവരി മൂന്ന് മുതൽ അഞ്ചുദിവസമാണ് സമ്മേളനം നടത്തിവന്നിരുന്നത്.

രജിസ്റ്റർ ചെയ്ത സൊസൈറ്റിയായ ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷനാണ് (ഐ.എസ്.സി.എ.) സംഘാടകർ. കേന്ദ്ര ശാസ്ത്ര-സാങ്കേതികവകുപ്പാണ് സഹായധനം നൽകുന്നത്. സാമ്പത്തിക ക്രമക്കേടാരോപിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ ശാസ്ത്രസാങ്കേതികവകുപ്പ് ഐ.എസ്.സി.എ.യ്ക്കുള്ള സഹായധനം പിൻവലിക്കുകയായിരുന്നു. എന്നാൽ, സാമ്പത്തികാരോപണം ഐ.എസ്.സി.എ. നിഷേധിച്ചു. ശാസ്ത്രകോൺഗ്രസിന് സർക്കാരിന്റെ പണം ഉപയോഗിക്കരുതെന്ന നിർദേശത്തിനെതിരേ അവർ കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ വിധി വന്നിട്ടില്ല.

ശാസ്ത്ര കോൺഗ്രസ് മുടങ്ങുന്നത് 100 വർഷ ചരിത്രത്തിൽ ആദ്യം

ന്യൂഡൽഹി: നൂറ്റാണ്ടിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് കേന്ദ്രസഹായധനം ലഭിക്കാതെ മുടങ്ങുന്നത്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം എല്ലാ ജനുവരി മൂന്നിനും പ്രധാനമന്ത്രിയാണ് ശാസ്ത്രകോൺഗ്രസ് ഉദ്ഘാടനം ചെയ്യാറ്. സമ്മേളനത്തിന്റെ 109-ാം പതിപ്പാണ് ഇക്കുറി ലഖ്നൗ സർവകലാശാലയിൽ നടക്കേണ്ടിയിരുന്നത്. കോവിഡ് മഹാമാരിയെത്തുടർന്ന് 2021, 2022 വർഷങ്ങളിൽ ശാസ്ത്രകോൺഗ്രസ് നടന്നിരുന്നില്ല. അതിനുമുൻപ് സമ്മേളനം മുടങ്ങിയ ചരിത്രമില്ല.

ശാസ്ത്രസാങ്കേതികവകുപ്പ് പിന്തുണ പിൻവലിച്ചതോടെ ആതിഥേയരായ ലഖ്നൗ സർവകലാശാല സമ്മേളന നടത്തിപ്പിൽനിന്ന് പിന്മാറി. തുടർന്ന് ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി ആതിഥേയത്വം ഏറ്റെടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതും നടന്നില്ലെന്ന് ഐ.എസ്.സി.എ. പ്രസിഡന്റ് അരവിന്ദ് സക്സേന പറഞ്ഞു. എന്നാലിത് ശാസ്ത്ര കോൺഗ്രസിന്റെ അവസാനമല്ലെന്നും മാർച്ചിനുള്ളിൽ സംഘടിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ജനറൽ സെക്രട്ടറി രഞ്ജിത് കുമാർ വർമ അറിയിച്ചു.

അഞ്ചുകോടി രൂപയാണ് സമ്മേളന നടത്തിപ്പിനായി ശാസ്ത്രസാങ്കേതികവകുപ്പ് ഐ.എസ്.സി.എ.യ്ക്ക് നൽകിവരുന്നത്. ഇതിന്റെ വലിയൊരുഭാഗം ആതിഥേയത്വം വഹിക്കുന്ന സർവകലാശാലകൾക്ക് ചെലവിനത്തിൽ കൈമാറുകയാണ് പതിവ്. ക്രമക്കേടുകൾ ഒഴിവാക്കി ശരിയായ വഴിയിൽ സമ്മേളന നടത്തിപ്പ് ഉറപ്പാക്കുകയാണെങ്കിൽ സഹായധനം പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്ന നിലപാടിലാണ് ശാസ്ത്രസാങ്കേതിക വകുപ്പ്.

ശാസ്ത്രകോൺഗ്രസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സർക്കാരും ഐ.എസ്.സി.എ.യും തമ്മിൽ ശീതസമരത്തിലാണ്.