കുറഞ്ഞ ദിവസം മതി കിടിലൻ വൈൻ ഉണ്ടാക്കാം. അതും പഴം കൊണ്ട്. സൂപ്പർ ടേസ്റ്റാണ്.

ചേരുവകൾ 

പാളയംകോടൻ പഴം — 1 കിലോ
പഞ്ചസാര — മുക്കാൽ കിലോ
വെള്ളം — ഒന്നര ലിറ്റർ (തിളപ്പിച്ച് ആറിയത് )
കറുവ പട്ട – 1 കഷ്ണം 
ഗ്രാമ്പു —  4  എണ്ണം
ഏലക്കായ  — 2 എണ്ണം
യീസ്റ്റ് —  1 ടീസ്പൂൺ
ഗോതമ്പ്– 2 ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം 
ആദ്യം പഴം ചെറുതാക്കി മുറിച്ചെടുത്തു വക്കുക. വൈൻ കെട്ടി വയ്ക്കുന്ന പാത്രത്തിലേക്ക് പഴം മുറിച്ചത് ചേർക്കാം. ശേഷം പഞ്ചസാര ചേർക്കാം (മുക്കാൽ കിലോയിൽ നിന്നും അര കപ്പ് പഞ്ചസാര മാറ്റിവെക്കണം )ഇനി കറുവപട്ട, ഗ്രാമ്പു, ഏലക്കായ, യീസ്റ്റ്, ഗോതമ്പ്, തിളപ്പിച്ച് ആറിയ വെള്ളം എന്നിവ ചേർത്ത ശേഷം ഒരു തവി വച്ച്  നന്നായി ഇളക്കി കൊടുക്കണം. വെള്ളമയം ഒട്ടും ഇല്ലാതെ ശ്രദ്ധിക്കണം. ഇനി വൈൻ മിക്‌സ് ഒഴിച്ച  പാത്രത്തിന്റെ മൂടിവെള്ള തുണി (ലൈറ്റ് കളർ ) ഇട്ടു നല്ലപോലെ മുറുക്കി കെട്ടിവയ്ക്കണം (വായു സഞ്ചാരം ഉള്ള തുണി വേണം ഇതിനു വേണ്ടി എടുക്കേണ്ടത് ) തുണിയുടെ മുകളിൽ പാത്രത്തിന്റെ മൂടി കൂടി വച്ച് കൊടുക്കാം.

വൈൻ ഇട്ട ഭരണി അധികം വെളിച്ചം കടക്കാത്ത സ്ഥലത്തു വേണം വയ്ക്കാൻ. ഒന്നിടവിട്ട ദിവസങ്ങളിൽ  ഒരേ സമയത്തു തന്നെ വൈൻ മിക്‌സ് എടുത്തു തവി വച്ച് ഇളക്കി കൊടുക്കണം. ഇതുപോലെ  പത്തു ദിവസത്തിലും  വൈൻ മിക്‌സ് ഇളക്കി കൊടുക്കണം. പത്താം  ദിവസം ഭരണി തുറന്ന് മുകളിൽ നിന്നും പഴം കോരിമാറ്റിയ ശേഷം വൈൻ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കാം. ശേഷം മുൻപേ മാറ്റി വച്ച അര കപ്പ് പഞ്ചസാര കാരമലൈസ് ചെയ്‌തെടുക്കണം. 

കാരമലൈസ് ചൂടാറിയ ശേഷം വൈനിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വൈനിന് നല്ല ഒരു കളർ കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. അപ്പോൾ നമ്മുടെ സൂപ്പർ ടേസ്റ്റി ആയ വൈൻ റെഡി. കൂടുതൽ വീര്യം ഉള്ള വൈൻ ആക്കാൻ 14 , 21 എന്നിങ്ങനെ കൂടുതൽ ദിവസം വൈൻ കെട്ടി വയ്ക്കണം. വൈൻ ഒഴിച്ച് വയ്ക്കുന്ന പാത്രങ്ങൾ അതുപോലെ ഇളക്കാൻ എടുക്കുന്ന തവി  എന്നിവ നല്ല ഡ്രൈ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.