ലണ്ടന്‍: ബുക്കര്‍ പ്രൈസ് നേടിയ ബ്രിട്ടീഷ് നോവലിസ്റ്റ് അന്റോണിയ സൂസന്‍ ബയാറ്റ് അന്തരിച്ചു. 87 വയസായിരുന്നു സാഹിത്യകാരിക്ക്. 

60 വര്‍ഷത്തോളം നീണ്ട എഴുത്ത് ജീവിതത്തിനാണ് ഇതോടെ തിരശീല വീണത്. 1990 ല്‍ പുറത്തിറങ്ങിയ ‘പൊസഷന്‍: എ റൊമാന്‍സ്’ എന്ന നോവലിലൂടെയാണ് ബയാറ്റ് പ്രശസ്തയായത്. ഈ കൃതിക്കാണ് ഫിക്ഷനുള്ള ബുക്കര്‍ പ്രൈസ് ലഭിക്കുന്നത്.

ഗ്വിനെത്ത് പാല്‍ട്രോ അഭിനയിച്ച ഒരു ഫീച്ചര്‍ ഫിലിമായി പൊസഷന്‍ സിനിമയായി. ‘ഏഞ്ചല്‍സ് ആന്‍ഡ് ഇന്‍സെക്റ്റ്‌സ്’ എന്ന അടുത്ത പുസ്തകവും വെള്ളിത്തിരയില്‍ എത്തി.

‘നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരില്‍ ഒരാളും നിരൂപകരില്‍ ഒരാളും’ എന്നാണ് പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിന്റെ ഭാഗമായ ചാറ്റോ & വിന്‍ഡസ് ബയാറ്റിനെ വിശേഷിപ്പിച്ചത്. 1983 ല്‍ മുഴുവന്‍ സമയ എഴുത്തുകാരിയാവാന്‍ അദ്ധ്യാപനം ഉപേക്ഷിച്ചു.

1936 ഓഗസ്റ്റ് 24 ന് വടക്കന്‍ ഇംഗ്ലീഷ് നഗരമായ ഷെഫീല്‍ഡില്‍ ജനിച്ച ബയാറ്റ്  കേംബ്രിഡ്ജില്‍ നിന്നും ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും വിദ്യാഭ്യാസം നേടി. പിന്നീട് ലണ്ടനില്‍ ഇംഗ്ലീഷ്, അമേരിക്കന്‍ സാഹിത്യം പഠിപ്പിച്ചു.

ആദ്യ നോവല്‍ ‘ഷാഡോ ഓഫ് എ സണ്‍’ 1964 ല്‍ പ്രസിദ്ധീകരിച്ചു. ഒരു പ്രബലനായ പിതാവിന്റെ നിഴലില്‍ വളരുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഇതില്‍ പറഞ്ഞത്. 

2003 ല്‍ ജെ കെ റൗളിങ്ങിന്റെ വന്‍ വിജയമായ ഹാരി പോട്ടര്‍ പുസ്തകങ്ങള്‍ വായിക്കുന്ന മുതിര്‍ന്നവരെ ചോദ്യം ചെയ്ത് അവര്‍ വിവാദത്തിലായിരുന്നു.