ന്യൂയോര്‍ക്ക്: പ്രശസ്ത വിവര്‍ത്തക എഡിത്ത് മാരിയന്‍ ഗ്രോസ്മാന്‍ (87) അന്തരിച്ചു. പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെ ന്യൂയോര്‍ക്കില്‍ വെച്ചാണ് മരിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ കൃതികളും സ്പാനിഷ് കൃതികളും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ട് പ്രശസ്തി നേടിയ ഗ്രോസ്മാന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ്, മാരിയോ വര്‍ഗസ് ലോസ, മെയ്‌റ മൊന്റേറോ, അഗസ്‌റ്റോ മൊന്റേറെസോ, ജെയ്മി മാന്റിക്, ജൂലിയന്‍ റയസ് തുടങ്ങിയ നൊബേല്‍ സമ്മാന ജേതാക്കളുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

2004-ൽ ഇവർ ചെയ്ത ഡോൺ ക്വിക് സോട്ടി​െൻറ പുതിയ പരിഭാഷയിലൂടെ സെർവാന്തസി​െൻറ സ്ഥാനം ഷെയ്ക്സ്പിയറിനു മേലെയാണെന്ന് ഹറോൾഡ് ബ്ലും വിശേഷിപ്പിച്ചിരുന്നു. 1615 ൽ പ്രസിദ്ധീകരിച്ച ആ സ്പാനിഷ് മാസ്റ്റർപീസിന് ആധുനിക പരിഭാഷയിലൂടെ പുതുജീവൻ നൽകുകയായിരുന്നു വിവർത്തനത്തിലൂടെ ഗ്രോസ്മാൻ.

1936 മാര്‍ച്ച് 22ന് ഫിലാഡല്‍ഫിയയില്‍ ജനിച്ച ഗ്രോസ്മാന്‍ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റര്‍ഡിഗ്രിയും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡിയും നേടിയ ശേഷം ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയായി ഔദ്യോഗികജീവിതം ആരംഭിച്ചു. അര്‍ജന്റീനിയന്‍ എഴുത്തുകാരന്‍ മാസിഡോണിയോ ഫെര്‍ണാണ്ടസ്സിന്റെ കഥാസമാഹാരം വിവര്‍ത്തനം ചെയ്തുകൊണ്ടാണ് വിവര്‍ത്തനസാഹിത്യത്തിലേക്ക് പ്രവേശിക്കുന്നത്. വിവര്‍ത്തനത്തിന്റെ സമവാക്യം തനിക്ക് എളുപ്പത്തില്‍ വഴങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ ഗ്രോസ്മാന്‍ വിവര്‍ത്തനത്തെ സ്വന്തം ബൗദ്ധികമേഖലയായി തിരഞ്ഞെടുക്കുകയായിരുന്നു. മാർകേസിന്റെയും യോസയുടെയും ഭാവനാലോകങ്ങൾക്ക് ഇംഗ്ലീഷ് പരിഭാഷയിലൂടെ അവർ നൽകിയ വെളിച്ചം വായനക്കാരുടെ മനസ്സിൽ എക്കാലവും നിറഞ്ഞു നിൽക്കും.