ന്യൂ ഡൽഹി: ദേശീയ തലസ്ഥാനത്ത് കുറ്റകൃത്യങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് കത്തെഴുതി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം നാല് കൊലപാതകങ്ങൾ ഡൽഹിയിൽ നടന്നിട്ടുണ്ടെന്നും ഇത് ജനങ്ങളിൽ ആശങ്കകൾ ഉയർത്തുകയും ചെയ്യുന്നതായി കെജ്‌രിവാൾ കത്തിലൂടെ അറിയിച്ചു. 

പൗരന്മാരുടെ സുരക്ഷിതത്വത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നതിന് അടിയന്തരവും ഫലപ്രദവുമായ നടപടികൾ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി തന്റെ കത്തിൽ ലെഫ്റ്റനന്റ് ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ‌സി‌ആർ‌ബി) റിപ്പോർട്ട് ശ്രദ്ധയിൽ‌പെടുത്തിയാണ് കത്തിലെ പരാമർശം. 

ഇന്ത്യയിലെ 19 മെട്രോപൊളിറ്റൻ നഗരങ്ങളിൽ സ്ത്രീകൾക്കെതിരായ മൊത്തം കുറ്റകൃത്യങ്ങളുടെ 32.20 ശതമാനവും ഡൽഹിയിൽ മാത്രമാണെന്ന് റിപ്പോർട്ട് വെളിപ്പെടുത്തി. ക്രമസമാധാനപാലനത്തിന് ഉത്തരവാദികളായ ലഫ്റ്റനന്റ് ഗവർണറും എംഎച്ച്‌എയും കാണിക്കുന്ന അലംഭാവത്തിൽ ഡൽഹി മുഖ്യമന്ത്രി നിരാശ പ്രകടിപ്പിച്ചു. ഡൽഹി പോലീസ് ഉദ്യോഗസ്ഥരുടെ കുറവ് കാരണം താമസക്കാർ നിയമിക്കുന്ന സ്വകാര്യ സുരക്ഷാ ഗാർഡുകളുടെ എണ്ണത്തിൽ വർധനയുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 

 പ്രശ്നം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹി മന്ത്രിസഭയും എൽജിയും തമ്മിൽ ക്രിയാത്മക ചർച്ചയ്ക്കും ആശയ കൈമാറ്റത്തിനും ഒരു യോഗം നിർദ്ദേശിച്ചിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത് കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ തന്ത്രങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിന് പോലീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ, കൗൺസിലർമാർ, റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ (ആർഡബ്ല്യുഎകൾ) എന്നിവരുമായി സംയുക്ത യോഗങ്ങളിൽ ഏർപ്പെടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.