മോസ്കോ: യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കാനായി ഉത്തരകൊറിയ കൂടുതൽ സൈനികരെ അയക്കുന്നതായി റിപ്പോർട്ട്. റഷ്യയ്ക്കൊപ്പമുള്ള തങ്ങളുടെ സൈനികസാന്നിധ്യം മൂന്നിരട്ടിവരെ വർധിപ്പിക്കാനാണ് ഉത്തരകൊറിയയുടെ തീരുമാനമെന്നും ഇതിന്റെ ഭാഗമായി 30,000-ഓളം സൈനികരെ റഷ്യയിലേക്ക് അയക്കാനായുള്ള നീക്കം തുടങ്ങിയതായും യുക്രൈൻ ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. വരും മാസങ്ങളിൽ ഉത്തരകൊറിയയിൽ നിന്നുള്ള സൈനികരുടെ പുതിയ സംഘം റഷ്യയിലെത്തുമെന്നും റിപ്പോർട്ടിലുണ്ട്.
നേരത്തേ യുക്രൈൻ അധിനിവേശത്തിൽ റഷ്യയെ സഹായിക്കാനായി ഉത്തരകൊറിയ 11,000 സൈനികരെ അയച്ചിരുന്നു. എന്നാൽ, ഇതിൽ നാലായിരത്തോളം സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തെന്നാണ് റിപ്പോർട്ട്. ഇതിനുപിന്നാലെയാണ് റഷ്യയെ സഹായിക്കാനായി ഉത്തരകൊറിയ കൂടുതൽ സൈനികരെ അയക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നത്. നേരത്തെ ഉത്തരകൊറിയയിൽനിന്നുള്ള സൈനികരെ എത്തിക്കാനായി ഉപയോഗിച്ചിരുന്ന കപ്പൽ റഷ്യൻ തുറമുഖത്ത് എത്തിയതിന്റെയും മറ്റൊരു കാർഗോ വിമാനം ഉത്തരകൊറിയയിലെ സുനാൻ വിമാനത്താവളത്തിൽ എത്തിയതിന്റെയും സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
പുതുതായി എത്തുന്ന ഉത്തരകൊറിയൻ സൈനികർക്കുള്ള ആയുധങ്ങളും മറ്റ് ഉപകരണങ്ങളും വിതരണംചെയ്യാൻ റഷ്യൻ പ്രതിരോധ മന്ത്രാലയം എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് യുക്രൈൻ ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്നവിവരം. യുക്രൈനിലെ റഷ്യൻ അധിനിവേശ മേഖലകളിലായിരിക്കും പുതുതായി വരുന്ന ഉത്തരകൊറിയൻ സൈനികരെ വിന്യസിച്ചേക്കുകയെന്നാണ് സൂചന. ഉത്തരകൊറിയൻ സേനാംഗങ്ങൾക്കൊപ്പം ചേർന്ന് മേഖലയിൽ വലിയരീതിയിലുള്ള ഓപ്പറേഷനുകൾക്കാണ് റഷ്യൻ സേന പദ്ധതിയിടുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.2024-ൽ ഉത്തരകൊറിയ 11,000 സൈനികരെയാണ് റഷ്യയിലേക്ക് അയച്ചിരുന്നത്. അതീവരഹസ്യമായിട്ടായിരുന്നു ഈ സൈനികനീക്കം. ഒടുവിൽ 2025 ഏപ്രിലിലാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ ഇക്കാര്യം സ്ഥിരീകരിച്ചത്.
അതിനിടെ, റഷ്യ-യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരമർപ്പിക്കുന്ന ചടങ്ങിൽ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ വികാരാധീനനായിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഈസ്റ്റ് പ്യോങ് യാങ്ങിലെ ഗ്രാൻഡ് തിയേറ്ററിൽ നടന്ന ചടങ്ങിലാണ് യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരമർപ്പിച്ചുള്ള വീഡിയോയും പ്രദർശിപ്പിച്ചത്. ചടങ്ങിൽ കിം ജോങ് ഉന്നും സന്നിഹിതനായിരുന്നു. കിം ജോങ് ഉൻ സൈനികരുടെ മൃതദേഹങ്ങളിൽ രാജ്യത്തിന്റെ പതാക പുതപ്പിക്കുന്ന രംഗങ്ങൾ ഉൾപ്പെടെ വീഡിയോയിലുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ കാണുന്നതിനിടെയാണ് കിം ജോങ് ഉൻ കണ്ണീരണിഞ്ഞത്.