ഓപ്പൺ എഐയിലെ ജീവനക്കാരെ വൻതുക വാഗ്ദാനം ചെയ്ത് പുതിയതായി രൂപീകരിച്ച സൂപ്പർ ഇന്റലിജൻസ് ടീമിലേക്ക് നിയമിക്കുകയാണ് മാർക്ക് സക്കർബർഗിന്റെ മെറ്റ. ഓപ്പൺ എഐയിൽ നിന്ന് മെറ്റയിലേക്ക് പോയ ജീവനക്കാരിൽ ഒരാൾ ഇന്ത്യക്കാരനായ ട്രാപിറ്റ് ബൻസാലാണ്. ഐഐടി കാൺപുരിൽ നിന്ന് ബിരുദം നേടിയ ബൻസാൽ ഗണിതം, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ബിരുദം നേടിയിട്ടുണ്ട്. പിന്നീട് മസാച്യുസെറ്റ്സ് ആംഹെർസ്റ്റ് സർവകലാശാലയിൽ നിന്ന് മെഷീൻ ലേണിങ്, ഡീപ്പ് ലേണിങ്, നാച്വറൽ ലാംഗ്വേജ് പ്രോസസിങ് എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത് കംപ്യൂട്ടർ സയൻസിൽ പിഎച്ച്ഡി എടുത്തു.
2012-ൽ ഗുഡ്ഗാവിലെ അസെഞ്ചർ മാനേജ്മെന്റ് കൺസൾട്ടിങിൽ അനലിസ്റ്റായാണ് ബൻസാലിന്റെ തുടക്കം. പിന്നീട്, ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ രണ്ട് വർഷക്കാലം റിസർച്ച് അസിസ്റ്റന്റായി പ്രവർത്തിച്ചു.ഫേസ്ബുക്ക്, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഓപ്പൺ എഐ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നാച്വറൽ ലാംഗ്വേജ് പ്രോസസിങിന് വേണ്ടിയുള്ള ഡീപ്പ് ലേണിങിൽ പരിശീലനം നേടി.
മസാച്യുസെറ്റ്സ് ആംഹെർസ്റ്റ് സർവകലാശാലയിൽ ഗ്രാജ്വേറ്റ് റിസർച്ച് അസിസ്റ്റന്റായും പ്രവർത്തിച്ചു. അവിടെ നിന്നാണ് ഡീപ്പ് ലേണിങിൽ കൂടുതൽ വൈദഗ്ദ്ധ്യം നേടിയത്.2022-ൽ ബൻസാൽ ഓപ്പൺ എഐയിലെ സാങ്കേതിക വിദഗ്ധരിൽ സ്ഥിരാംഗമായി മാറി. കമ്പനിയുടെ ആദ്യ റീസണിങ് മോഡലായ ഒ1-ന് വേണ്ടി ഓപ്പൺ എഐ സഹസ്ഥാപകൻ ഇല്യ സുറ്റ്സ്കീവറിനൊപ്പം പ്രവർത്തിച്ചു. ചാറ്റ് ജിപിടിയുടെ ഇന്റേണൽ റീസണിങ് മോഡലിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മാർക്ക് സക്കർബർഗ് പുതിയ മെറ്റ സൂപ്പർ ഇന്റലിജൻസ് ലാബ്സിന് തുടക്കമിട്ടത്. ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസിന് വേണ്ടിയുള്ള ഗവേഷണ വിഭാഗമാണിത്. മുൻ സ്കെയിൽ എഐ സിഇഒ അലക്സാണ്ടർ വാങും മുൻ ഗിറ്റ്ഹബ് സിഇഒ നാറ്റ് ഫ്രൈഡ്മാനുമാണ് ഈ വിഭാഗത്തിന് നേതൃത്വം നൽകുന്നത്.
4 വർഷക്കാലത്തേക്ക് 30 കോടി ഡോളർ വരുന്ന ശമ്പള പാക്കേജാണ് മെറ്റ പുതിയ ജീവനക്കാർക്കായി വാഗ്ദാനം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. 10 കോടി ഡോളർ (852 കോടി രൂപയോളം) വരെ ജോയിനിങ് ബോണസും മെറ്റ വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. കമ്പനിയുടെ ഓഹരിയും അക്കൂട്ടത്തിലുണ്ട്. ഇതിൽ ബൻസാലിന് എത്രയാണ് ലഭിക്കുകയെന്ന് വ്യക്തമല്ല.
ജീവനക്കാരെ തട്ടിയെടുക്കുന്ന മെറ്റയുടെ നീക്കങ്ങൾ അരോചകമാണെന്ന് ഓപ്പൺ എഐ മേധാവി സാം ഓൾട്ട്മാൻ പറഞ്ഞു. പത്തോളം ജീവനക്കാർക്ക് മെറ്റയുടെ ഓഫർ ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മെറ്റ എഐയിലേക്ക് പോയ ജീവനക്കാർ തങ്ങളുടെ താഴേനിരയിലുള്ള ജീവനക്കാരാണെന്നും മുൻനിര പ്രതിഭകളെ മെറ്റയ്ക്ക് സ്വന്തമാക്കാനായിട്ടില്ലെന്നും ഓൾട്ട്മാൻ പറഞ്ഞു.
നിലവിൽ മെറ്റയ്ക്ക് മെച്ചപ്പെട്ടൊരു എഐ റീസണിങ് മോഡൽ ഇല്ല. അതിന് വേണ്ടിയുള്ള ശ്രമങ്ങളാവും പുതിയ സൂപ്പർ ഇന്റലിജൻസ് ലാബ്സ് നടത്തുകയെന്നാണ് സൂചന.