ചൈനയിലെ ഹാങ്‌സൂവിൽ പതിനെട്ടാം നിലയിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് താഴേക്ക് വീണ മൂന്ന് വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ജൂലൈ 15-നായിരുന്നു ഈ സംഭവം. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമായിരുന്ന കുട്ടി, അവർ സാധനങ്ങൾ വാങ്ങാൻ കടയിൽ പോയ തക്കത്തിന് ശുചിമുറിയിലെ തുറന്ന ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു.

സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, താഴെയുണ്ടായിരുന്ന ഒരു മരത്തിൽ തട്ടിയതിന് ശേഷമാണ് കുട്ടി നിലത്തേക്ക് വീണത്. കെട്ടിടത്തിലെ മറ്റ് താമസക്കാരാണ് കുട്ടിയെ നിലത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അവർ ഈ ദൃശ്യങ്ങൾ കെട്ടിടത്തിലെ താമസക്കാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചതിനെ തുടർന്നാണ് കുട്ടിയുടെ പിതാവ് ഴൂ തന്റെ മകനാണ് അപകടത്തിൽപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

വീഴ്ചയ്ക്കിടെ കുട്ടി പതിനേഴാം നിലയിലെ ജനലിൽ തട്ടുകയും, ഇത് വീഴ്ചയുടെ ഗതി മാറ്റുകയും ചെയ്തു. ഇതേത്തുടർന്ന് കുട്ടി താഴെയുള്ള മരത്തിലേക്ക് വീഴുകയും അവിടെ നിന്ന് തറയിൽ പതിക്കുകയുമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ ഇത് ഒരു അദ്ഭുതകരമായ രക്ഷപ്പെടലാണെന്ന് സ്ഥിരീകരിച്ചു. കുട്ടിയുടെ ഇടത് കൈക്കും നട്ടെല്ലിനും ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും തലയ്ക്ക് പരിക്കില്ല. അപകടശേഷം കുട്ടിക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല. കുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.