മിഷിഗൺ: ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക ഐക്യം വിളിച്ചോതുന്ന “സമന്വയം” എന്ന പരിപാടി മെയ് 14-ന് വാറൺ സെൻറ് തോമസ് ഓർത്തഡോക്സ്‌ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് വൈകിട്ട് 4 മണി മുതൽ നടത്തപ്പെടുന്നു. നമ്മുടെ സാംസ്കാരികവും  സാമുദായികവുമായ ഒരുമയുടെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട്  ഈസ്റ്റർ – ഈദ് – വിഷു ആഘോഷങ്ങൾ സംഘടിപ്പിക്കുകയാണ് ഡിട്രോയിറ്റ് കേരള ക്ലബ്ബ്. ജാതി മത വർഗ്ഗ വിവേചനങ്ങൾക്കതീതമായി സ്നേഹത്തിന്റെയും സഹോദര്യത്തിന്റേയും സന്ദേശം സമൂഹത്തിന് നല്‌കുവാൻ കേരള ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദ്യമായിട്ടാണ് മിഷിഗണിൽ ഇങ്ങെനെയൊരു സാംസ്കാരിക പരുപാടി അരങ്ങേറുന്നത്.

വിശ്വമാനവികതയുടെയും മതസൗഹാർദ്ദത്തിന്റെയും മൂല്യങ്ങൾ ഉൾക്കൊള്ളുന്ന കലാപരിപാടികളും ഒപ്പം കേരളത്തിന്റെ വൈവിധ്യമാർന്ന ഭക്ഷണങ്ങളും സമന്വയം എന്ന കലാസംഗമത്തിന് മാറ്റുകൂട്ടും. ഡിട്രോയിറ്റിലെ മികിച്ച കലാകാരന്മാർ പങ്കെടുക്കുന്ന കലാപരിപാടികൾ, കുട്ടികൾക്കായുള്ള വിവിധ പരിപാടികൾ, വിഷു കൈനീട്ടം, ഈസ്റ്റർ എഗ്ഗ്‌ ഹണ്ട്, മെഹന്ദി സ്റ്റാളുകൾ ഒപ്പം മറ്റനവധി വ്യത്യസ്തതകൾ സമന്വയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പർദ്ധകൾ കൂടിവരുന്ന ആധുനിക സമൂഹത്തിൽ ഒരുമയുടെ പുതിയ വെളിച്ചം വിതറുവാനാണ് ഡിട്രോയിറ്റ് കേരള ക്ലബ്ബ് സമന്വയത്തിലൂടെ ശ്രമിക്കുന്നത്.

അലൻ ചെന്നിത്തല